വികസിത് ഭാരത് ലക്ഷ്യത്തോടെ കേന്ദ്ര ബജറ്റ് 2026: പ്രധാന പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ ഒമ്പതാമത് ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ‘വികസിത് ഭാരതം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രാജ്യം കൈവരിക്കേണ്ട മൂന്ന് പ്രധാന ‘കര്‍ത്തവ്യങ്ങളെ’ ആസ്പദമാക്കിയാണ് ഇത്തവണത്തെ ബജറ്റ് പ്രഭാഷണം നടന്നത്. സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കുക, ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുക, എല്ലാവരെയും വികസന പങ്കാളികളാക്കുക എന്നിവയാണ് ഈ ലക്ഷ്യങ്ങള്‍.

ബജറ്റിലെ പ്രധാന ഹൈലൈറ്റുകള്‍

1. മൂന്ന് പ്രധാന കര്‍ത്തവ്യങ്ങള്‍

ബജറ്റ് പ്രസംഗത്തില്‍ മൂന്ന് അടിസ്ഥാന കര്‍ത്തവ്യങ്ങള്‍ക്ക് ധനമന്ത്രി ഊന്നല്‍ നല്‍കി:

സാമ്പത്തിക വളര്‍ച്ച: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുക.
ജനസേവനം: ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവരെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളികളാക്കുക.
സബ് കാ സാത്ത് സബ് കാ വികാസ്: എല്ലാ മേഖലകളിലും എല്ലാ ജനവിഭാഗങ്ങളിലും വികസനം എത്തിക്കുക.
2. നിര്‍ദിഷ്ട മേഖലകളിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, പരമ്പരാഗത വ്യവസായ മേഖലകളെ പുനരുജീവിപ്പിക്കുക, എംഎസ്എംഇ മേഖലയില്‍ മികച്ച സംരംഭങ്ങളെ സൃഷ്ടിക്കുക, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്ക് ശക്തമായ ഉത്തേജനം നല്‍കുക, ദീര്‍ഘകാല സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക, നഗര കേന്ദ്രീകൃത സാമ്പത്തിക മേഖലകള്‍ വികസിപ്പിക്കുക എന്നിങ്ങനെ ആറ് പ്രധാന മേഖലകളിലെ ഇടപെടലുകള്‍ സീതാരാമന്‍ നിര്‍ദേശിച്ചു.

3. ഖാദി കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി മഹാത്മാഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ധനമന്ത്രി നിര്‍ദ്ദേശിച്ചു. ‘ചലഞ്ച് മോഡില്‍ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഞാന്‍ നിര്‍ദേശിക്കുന്നു. ഖാദിയെയും കൈത്തറിയെയും ശക്തിപ്പെടുത്തുന്നതിനായി മഹാത്മാഗാന്ധി ഗ്രാമസ്വരാജ് പദ്ധതിക്ക് തുടക്കം കുറിക്കാനും ഞാന്‍ നിര്‍ദേശിക്കുന്നു,’ അവര്‍ പറഞ്ഞു.

4. ബഹിരാകാശ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഒരു നാഷണല്‍ ഫൈബര്‍ സ്‌കീം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദേശിച്ചു.

Also Read: ബയോഫാര്‍മ മേഖലയ്ക്ക് 10,000 കോടിയുടെ ഉത്തേജനം: ആഗോള ഹബ്ബാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം

5. എംഎസ്എംഇകളെ (ചെറുകിട-ഇടത്തരം സംരംഭങ്ങള്‍) സഹായിക്കുന്നതിനായി സെല്‍ഫ് റിലയന്റ് ഇന്ത്യ ഫണ്ടിന് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 4,000 കോടി രൂപ അധികമായി നല്‍കാന്‍ ധനമന്ത്രി നിര്‍ദേശിച്ചു.

6. ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ തുടരുമെന്ന് ധനമന്ത്രി തന്റെ പ്രസംഗത്തില്‍ അറിയിച്ചു.

7. ബാങ്കിങ് മേഖല: വികസിത് ഭാരതത്തിനായി ബാങ്കിങ് മേഖലയില്‍ ഒരു ഉന്നതതല സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചു. ബാങ്കിങ് മേഖലയെ അവലോകനം ചെയ്യാനും ഇന്ത്യയുടെ അടുത്ത ഘട്ടത്തിലുള്ള വളര്‍ച്ചയുമായി ഇതിനെ ഏകോപിപ്പിക്കാനുമാണ് സമിതി ലക്ഷ്യമിടുന്നത്.

8. അതിവേഗ ഇടനാഴികള്‍: നഗരങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനായി 7 അതിവേഗ ഇടനാഴികള്‍ വികസിപ്പിക്കാന്‍ ധനമന്ത്രി നിര്‍ദേശിച്ചു.

9. ആരോഗ്യം (ആയുര്‍വേദം): മൂന്ന് പുതിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കും.

10. പരിസ്ഥിതി: കാര്‍ബണ്‍ ക്യാപ്ചര്‍ യൂട്ടിലൈസേഷന്‍ ആന്‍ഡ് സ്റ്റോറേജ് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനായി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപ അനുവദിക്കും.

11. ആയുഷ് മേഖല: ആയുഷ് ഫാര്‍മസികളുടെയും ഡ്രഗ് ടെസ്റ്റിങ് ലാബുകളുടെയും നവീകരണം, ജാംനഗറിലെ ഡബ്ല്യുഎച്ച്ഒ ട്രഡീഷണല്‍ മെഡിസിന്‍ സെന്റര്‍ എന്നിവ നടപ്പിലാക്കും.

12. വിദ്യാഭ്യാസം: പ്രധാന വ്യാവസായ ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ക്ക് സമീപം 5 യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രം പിന്തുണ നല്‍കും.

13. ഖേലോ ഇന്ത്യ മിഷന്‍: കായിക മേഖലയെ മാറ്റിമറിക്കാന്‍ ഖേലോ ഇന്ത്യ മിഷന്‍ വഴി ഏകോപിപ്പിച്ച ടാലന്റ് ഡെവലപ്മെന്റ് പാത്ത്വേ, പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി ചിട്ടയായ വികസന പദ്ധതികള്‍, മത്സരങ്ങള്‍, ലീഗുകള്‍, പരിശീലനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവ നടപ്പിലാക്കും.

14. ടൂറിസം: 20 ഐക്കണിക് വിനോദസഞ്ചാര കേന്ദ്രങ്ങളിലായി 10,000 ഗൈഡുകളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിന് പൈലറ്റ് പദ്ധതി ആരംഭിക്കും. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പരിസ്ഥിതി സൗഹൃദ പാതകള്‍ വികസിപ്പിക്കും.

15. വനിതാ ക്ഷേമം: രാജ്യത്തെ എല്ലാ ജില്ലകളിലും പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റലുകള്‍ സ്ഥാപിക്കാന്‍ ധനമന്ത്രി നിര്‍ദേശിച്ചു.

16. കിഴക്കന്‍ മേഖലയുടെ വികസനം: ദുര്‍ഗാപൂരില്‍ ഒരു പ്രധാന നോഡോട് കൂടിയ ഈസ്റ്റ് കോസ്റ്റ് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ വികസിപ്പിക്കും. 5 പൂര്‍വോദയ സംസ്ഥാനങ്ങളിലായി 5 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. വടക്കുകിഴക്കന്‍ മേഖലയിലെ ബുദ്ധമത കേന്ദ്രങ്ങളിലേക്ക് ഇ-ബസുകള്‍ അനുവദിക്കും.

17. വനിതാ സംരംഭകത്വം: സ്ത്രീ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി ‘ഷീ മാര്‍ട്ട്‌സ്’ സ്ഥാപിക്കും.

18. മാനസികാരോഗ്യം: ഉത്തരേന്ത്യയിലെ മാനസികാരോഗ്യ ചികിത്സാ സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി ‘നിംഹാന്‍സ് 2’ പ്രഖ്യാപിച്ചു. റാഞ്ചിയിലെയും തേസ്പൂരിലെയും ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നവീകരിക്കും.

19. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം: ഏകദേശം 25 കോടി ആളുകള്‍ ബഹുതല ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായതായി ധനമന്ത്രി അറിയിച്ചു.

20. നികുതി ഇളവ്: 17 തരം മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.