വിശ്വാസവും സഹകരണവും പ്രതിഫലിപ്പിക്കുന്ന ചുവടുവയ്പ്പാണ് ഇന്ത്യ-യുഎസ് വ്യാപാര കാരാറാണ് മോദി
ഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായ ഇടക്കാല വ്യാപാര ചട്ടക്കൂടിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന വിശ്വാസവും സഹകരണവും പ്രതിഫലിപ്പിക്കുന്ന മികച്ച ചുവടുവയ്പ്പാണിതെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പങ്കിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
നമ്മുടെ രണ്ട് മഹത്തായ രാജ്യങ്ങള്‍ തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂടിന് അംഗീകാരമായിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് പ്രസിഡന്റ് ട്രംപ് കാണിക്കുന്ന വ്യക്തിപരമായ താല്‍പ്പര്യത്തിന് ഞാന്‍ നന്ദി പറയുന്നു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ആഴം, വിശ്വാസം, ചലനാത്മകത എന്നിവയാണ് ഇത് വ്യക്തമാക്കുന്നതെന്നും കരാര്‍ ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍, സംരംഭകര്‍, ചെറുകിട വ്യവസായികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, മത്സ്യത്തൊഴിലാളികള്‍, നൂതനാശയക്കാര്‍ എന്നിവര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ കരാര്‍ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കരാര്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും നവീകരണത്തില്‍ ശക്തമായ ശ്രദ്ധ പങ്കിട്ടിട്ടുണ്ടെന്നും, വികസിത മേഖലകളിലുള്‍പ്പെടെ നിക്ഷേപ, സാങ്കേതിക പങ്കാളിത്തങ്ങളെ ചട്ടക്കൂട് കൂടുതല്‍ ആഴത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ പ്രതിരോധശേഷിയുള്ളതും വിശ്വസനീയവുമായ വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കാനും ആഗോള സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കാനും സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
2025 ഫെബ്രുവരിയില്‍ ആരംഭിച്ച യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചകളുടെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന മാസങ്ങള്‍ നീണ്ട ചര്‍ച്ചകളുടെ ഫലമായാണ് ഇടക്കാല ചട്ടക്കൂട് രൂപപ്പെടുത്തിയിരിക്കുന്നത്. കരാറിന്റെ ഭാഗമായി, അമേരിക്കയുടെ വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ തീരുവ ഒഴിവാക്കാനോ കുറയ്ക്കാനോ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. കൂടാതെ നിരവധി അമേരിക്കന്‍ കാര്‍ഷിക, ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനും തീരുമാനമായി.
മൃഗങ്ങളുടെ തീറ്റ, പരിപ്പ്, പഴങ്ങള്‍, സോയാബീന്‍ എണ്ണ, വൈന്‍, സ്പിരിറ്റുകള്‍ എന്നിവയ്ക്ക് അടക്കം നികുതി നികുതി ഇളവ് ബാധകമാകും. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍, വിവര, ആശയവിനിമയ സാങ്കേതിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഇറക്കുമതി എന്നിവയെ ബാധിക്കുന്ന തീരുവ തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും ഇന്ത്യ മുന്‍കൈയ്യെടുക്കും.
അതേസമയം, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, പാദരക്ഷകള്‍, യന്ത്രങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പരസ്പര തീരുവ അമേരിക്ക 18 ശതമാനമായി കുറച്ചു. ചില വിമാനങ്ങളുടെയും വിമാന ഭാഗങ്ങളുടെയും ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍സ്, രത്‌നങ്ങള്‍, വജ്രങ്ങള്‍ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുടെയും തീരുവ നീക്കം ചെയ്യാന്‍ യുഎസ് സമ്മതിച്ചിട്ടുണ്ട്.









