താരിഖ് റഹ്‌മാന് ചരിത്ര വിജയം: അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
ഡല്‍ഹി: ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിനു പിന്നാലെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷന്‍ താരിഖ് റഹ്‌മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024-ലെ ജനകീയ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന പുറത്തായതിനു ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിലാണ് ബിഎന്‍പിയുടെ ആധികാരിക വിജയം.
ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിഎന്‍പിയെ നിര്‍ണ്ണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്‌മാന് തന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഈ വിജയം നിങ്ങളുടെ നേതൃത്വത്തില്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ തുടരും, പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണല്‍ പുരോഗമിക്കവെ തന്നെ ബിഎന്‍പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം.
ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബിഎന്‍പി ബംഗ്ലാദേശില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്. ഇതിനുമുമ്പ് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് ആയിരുന്നു രാജ്യം ഭരിച്ചിരുന്നത്. അടുത്തിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ശേഷം നടന്ന തിരഞ്ഞെടുപ്പ് ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്.









