ഫ്‌ലോറിഡ സര്‍വകലാശാലയില്‍ വന്‍ ആത്മീയ ഉണര്‍വ്; 1,600 വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിശ്വാസത്തിലേക്ക്

പി പി ചെറിയാന്‍

ഒര്‍ലാന്‍ഡോ: അമേരിക്കയിലെ കലാലയങ്ങളില്‍ തുടരുന്ന ആത്മീയ മുന്നേറ്റം യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡയിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു.ഫെബ്രുവരി 10 ചൊവ്വാഴ്ച രാത്രി നടന്ന കൂട്ടായ്മയില്‍ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതായും, ഇതില്‍ 1,600 പേര്‍ ക്രിസ്തുവിശ്വാസം സ്വീകരിക്കാന്‍ തീരുമാനിച്ചതായും സംഘാടകര്‍ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സ്‌നാനം സ്വീകരിച്ചു. ഇതില്‍ മുന്‍പ് നിരീശ്വരവാദികളായിരുന്ന പലരും ഇപ്പോള്‍ ക്രിസ്തുമതം സ്വീകരിച്ചതായി സംഘാടകയായ ടോണിയ പ്രെവെറ്റ് ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ ഈ കൂട്ടായ്മ ആത്മീയ യോഗങ്ങള്‍ സംഘടിപ്പിച്ചു വരികയാണ്. ഇതുവരെ 1.2 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ പരിപാടികളില്‍ പങ്കെടുത്തു.

2023-ല്‍ അസ്ബറി സര്‍വകലാശാലയില്‍ ആരംഭിച്ച ആത്മീയ ഉണര്‍വിന്റെ തുടര്‍ച്ചയായാണ് ഈ മാറ്റങ്ങളെ വിലയിരുത്തുന്നത്. സൗത്ത് ഫ്‌ലോറിഡ, ക്ലെംസണ്‍, എന്‍സി സ്റ്റേറ്റ് തുടങ്ങിയ സര്‍വകലാശാലകളിലും സമാനമായ രീതിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വിശ്വാസത്തിലേക്ക് കടന്നുവന്നിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദൈവത്തെ അറിയാനുള്ള വലിയ ആഗ്രഹം ദൃശ്യമാണെന്നും ഈ മുന്നേറ്റം ഇനിയും തുടരുമെന്നും സംഘാടകര്‍ വിശ്വസിക്കുന്നു.