വാട്‌സാപ്പില്‍ വമ്പന്‍ മാറ്റം; 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി, സന്ദേശങ്ങള്‍ ഇനി ഷെഡ്യൂള്‍ ചെയ്യാം
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പില്‍ ഉപഭോക്താക്കള്‍ ദീര്‍ഘനാളായി പ്രതീക്ഷിച്ച ‘മെസേജ് ഷെഡ്യൂള്‍’ ഫീച്ചര്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ആപ്പ് ആരംഭിച്ച് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നിര്‍ണായക സൗകര്യം ഒരുങ്ങുന്നത്. നിലവില്‍ ടെലിഗ്രാം, സിഗ്‌നല്‍ തുടങ്ങിയ എതിരാളികളില്‍ ലഭ്യമായ ഈ ഫീച്ചര്‍, വാട്ട്‌സ്ആപ്പിന്റെ ഐഒഎസ് ബീറ്റാ പതിപ്പിലാണ് (വേര്‍ഷന്‍ 26.710.72) ആദ്യമായി കണ്ടെത്തിയത്.
പുതിയ ഫീച്ചര്‍ വരുന്നതോടെ, ജന്മദിനാശംസകള്‍ മുതല്‍ ജോലി സംബന്ധമായ ഓര്‍മ്മപ്പെടുത്തലുകള്‍ വരെയുള്ള സന്ദേശങ്ങള്‍ മുന്‍കൂട്ടി ടൈപ്പ് ചെയ്ത് വെക്കാനും, ആവശ്യമുള്ള തീയതിയിലും സമയത്തും അവ സ്വയം അയക്കാനുമുള്ള സൗകര്യം ലഭിക്കും. ഗ്രൂപ്പ് ചാറ്റുകളില്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള പ്രത്യേക ഓപ്ഷനും ഇതില്‍ ഉള്‍പ്പെടും. ഉപയോക്താവിന്റെ ഇടപെടലില്ലാതെ തന്നെ നിശ്ചിത സമയത്ത് സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി അയക്കപ്പെടും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഷെഡ്യൂള്‍ ചെയ്ത സന്ദേശങ്ങള്‍ക്കായി ‘ചാറ്റ് ഇന്‍ഫോ’ സ്‌ക്രീനില്‍ പ്രത്യേക വിഭാഗവും ലഭ്യമാകും. ഇതുവഴി സന്ദേശങ്ങള്‍ അയക്കുന്നതിന് മുന്‍പ് അവ തിരുത്താനോ ഡിലീറ്റ് ചെയ്യാനോ ഉള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ ഷോര്‍ട്ട്കട്ട്‌സ് ആപ്പ് വഴിയാണ് ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത്. എന്നാല്‍ ആപ്പില്‍ തന്നെ ഈ സൗകര്യം എത്തുന്നതോടെ ഇത് കൂടുതല്‍ ലളിതമാകും. ഫീച്ചര്‍ ഇപ്പോള്‍ വികസന ഘട്ടത്തിലായതിനാല്‍, എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാകുന്ന തീയതി സംബന്ധിച്ച് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.








