അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുന്നു; പാക് പോസ്റ്റുകള്‍ക്ക് നേരെ താലിബാന്റെ വന്‍ പ്രത്യാക്രമണം
കാബൂള്‍/ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയുമായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം രംഗത്തെത്തി. ഡ്യൂറന്‍ഡ് ലൈനില്‍ സ്ഥിതി ചെയ്യുന്ന പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ വ്യാഴാഴ്ച രാത്രി വന്‍തോതിലുള്ള ആക്രമണം നടത്തിയതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആവര്‍ത്തിച്ചുള്ള പ്രകോപനങ്ങള്‍ക്കും അതിര്‍ത്തി ലംഘനങ്ങള്‍ക്കുമുള്ള മറുപടിയായാണ് ഈ നടപടിയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. കഴിഞ്ഞ ആഴ്ച പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 ഭീകരര്‍ കൊല്ലപ്പെട്ടതായുള്ള ഇസ്ലാമാബാദിന്റെ അവകാശവാദം അഫ്ഗാന്‍ തള്ളിയിരുന്നു. കൊല്ലപ്പെട്ടത് സാധാരണ പൗരന്മാരാണെന്ന് വ്യക്തമാക്കിയ അഫ്ഗാന്‍, ഇതിന് പിന്നാലെയാണ് പ്രത്യാക്രമണം ശക്തമാക്കിയത്.
തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ‘ഇന്റലിജന്‍സ് അധിഷ്ഠിത ഓപ്പറേഷനാണ്’ തങ്ങള്‍ നടത്തിയതെന്നായിരുന്നു പാകിസ്ഥാന്റെ വിശദീകരണം. പൗരന്മാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പാക് വാര്‍ത്താവിനിമയ മന്ത്രി അത്താവുള്ള തരാര്‍ പറഞ്ഞു. എന്നാല്‍, അഫ്ഗാന്‍ മണ്ണില്‍ ഭീകരര്‍ക്ക് താവളമുണ്ടെന്ന ആരോപണം താലിബാന്‍ നിരാകരിക്കുന്നു. പാകിസ്ഥാനിലെ അടുത്ത കാലത്തെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാനില്‍ അഭയം പ്രാപിച്ച ടിടിപിയാണെന്നാണ് ഇസ്ലാമാബാദിന്റെ ആരോപണം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി വഷളായിട്ടുണ്ട്. അതിര്‍ത്തിയില്‍ നിരവധി തവണ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രത്യാക്രമണം ശക്തമായതോടെ മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇരുവിഭാഗത്തിനിടയിലും സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.









