ടെഹ്‌റാനിലും ഇസ്രായേലിലും അടിയന്തരാവസ്ഥ; ഇറാനില്‍ ഉഗ്രസ്‌ഫോടനങ്ങള്‍; തിരിച്ചടിച്ച് ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി മുഴങ്ങുന്നു. ഇറാനെതിരെ വന്‍ ആക്രമണം നടത്തി ഇസ്രായേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ പ്രതിരോധ സേന അപ്രതീക്ഷിത വ്യോമാക്രമണം നടത്തി. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഔദ്യോഗികമായി ഏറ്റെടുത്തു. സ്‌ഫോടനങ്ങളുടെ ശബ്ദത്തില്‍ ടെഹ്‌റാന്‍ കുലുങ്ങിയതോടെ സമൂഹമാധ്യമങ്ങളിലും ദൃശ്യങ്ങള്‍ പ്രചരിച്ചു.

ഇതിന് മറുപടിയുമായി ഇറാനും രംഗത്തെത്തി. ഇസ്രായേലിനെതിരെ വ്യാപകമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ആരംഭിച്ചതായി ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) ഉടന്‍ തന്നെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണങ്ങള്‍ പരസ്പരം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ മേഖല ഇപ്പോള്‍ വലിയ രാഷ്ട്രീയ-സൈനിക പ്രതിസന്ധിയുടെ വക്കിലാണ്.