പശ്ചിമേഷ്യ യുദ്ധവെറിയയില്‍; ഇറാനില്‍ സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി മരണം

ഡല്‍ഹി: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണം രൂക്ഷമായി തുടരുന്നു. തെക്കന്‍ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിനുനേരെയുണ്ടായ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലെ മിനാബില്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 45 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാനിലെ പാരാമിലിറ്ററി വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡിന് മിനാബ് നഗരത്തില്‍ താവളമുണ്ട്. ഇതാണോ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല.

ആക്രമണത്തെക്കുറിച്ചോ പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചോ അമേരിക്കയോ ഇസ്രായേലോ ഇതുവരെ ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടില്ല. ജനവാസ മേഖലകളിലും വിദ്യാലയങ്ങളിലും മിസൈലുകള്‍ പതിക്കുന്നത് വലിയ മനുഷ്യാവകാശ ലംഘനമായാണ് ഇറാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. സാധാരണക്കാരുടെയും കുട്ടികളുടെയും മരണത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തി.

അതേസമയം, ഇറാന്റെ തിരിച്ചടിയെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിങ്ങളിലെ വ്യോമപാതകള്‍ താല്‍ക്കാലികമായി അടച്ചു. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് നടപടി.