ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്ന് ഇന്ത്യ
ഡല്‍ഹി: പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇറാനിലും ഗള്‍ഫ് മേഖലയിലും ഉണ്ടായ സംഭവവികാസങ്ങളില്‍ വളരെയധികം ആശങ്കാകുലരാണെന്നും ഇന്ത്യ വ്യക്തമാക്കി.
സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്ന നടപടികളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക അഖണ്ഡതയും മാനിക്കപ്പെടണമെന്നും പ്രസ്താവനയില്‍ പറയുന്നു.
മേഖലയിലുള്ള എംബസികള്‍ ഇന്ത്യന്‍ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും എംബസികളുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും പ്രാദേശിക സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയും ഇറാനും തമ്മില്‍ ജനീവയില്‍ നടന്ന ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംയുക്ത ആക്രമണത്തിന് ഉത്തരവിട്ടത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍മാര്‍ക്കും നേരെയാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് സമീപമുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കന്‍ സൈനിക താവളങ്ങളുള്ള യുഎഇ, ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ശക്തമായ ആക്രമണം തുടരുകയാണ്. സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മേഖലയിലുടനീളമുള്ള വ്യോമഗതാഗതം തടസ്സപ്പെട്ടു. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ നിരവധി വിമാനക്കമ്പനികള്‍ പശ്ചിമേഷ്യന്‍ വ്യോമാതിര്‍ത്തിയിലൂടെയുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു.








