ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ ആക്രമണം; 80 മരണം, നിരവധി പേരെ കാണാതായി

ഡല്‍ഹി: ശ്രീലങ്കന്‍ തീരത്തിനു സമീപം ഇറാനിയന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ മുങ്ങി. അപകടത്തില്‍ കപ്പിലുണ്ടായിരുന്ന നൂറിലധികം നാവികരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കുറഞ്ഞത് 80 പേര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പ്രാദേശിക മാധ്യമത്തോട് സ്ഥിരീകരിച്ചു. അമേരിക്കന്‍ അന്തര്‍വാഹിനിയാണ് ആക്രമണത്തിന് പിന്നിലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.

ഇറാനിയന്‍ നാവികസേനയുടെ സതേണ്‍ ഫ്‌ലീറ്റില്‍ ഉള്‍പ്പെട്ട ‘ഐറിസ് ദെന’ എന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പലാണ് ആക്രമണത്തിന് ഇരയായത്. ഗാലെ നഗരത്തില്‍ നിന്ന് ഏകദേശം 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് പുലര്‍ച്ചെ 5.30-നാണ് കപ്പലില്‍ നിന്ന് അപായസന്ദേശം ലഭിച്ചതെന്ന് ശ്രീലങ്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശ്രീലങ്കന്‍ നാവികസേനയും വ്യോമസേനയും സംയുക്തമായി രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയാണ്.

മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്ന് 30 നാവികരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചതായാണ് വിവരം. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. ദീര്‍ഘനേരം വെള്ളത്തില്‍ കിടന്നതും ആക്രമണത്തിന്റെ ആഘാതവും ഇവരുടെ ആരോഗ്യനിലയെ ബാധിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരെ ഗാലെയിലെ കറാപ്പിറ്റിയ ടീച്ചിംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 100-നും 150-നും ഇടയില്‍ ഉദ്യോഗസ്ഥരെ ഇനിയും കണ്ടെത്താനുണ്ടെന്ന് കൊളംബോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇറാന്‍ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത അത്യാധുനിക യുദ്ധക്കപ്പലാണ് ആക്രമിക്കപ്പെട്ട ഐറിസ് ദെന. മിസൈലുകളും ടോര്‍പ്പിഡോകളും ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് പാഡും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഇതിനുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന ഇന്റര്‍നാഷണല്‍ ഫ്‌ലീറ്റ് റിവ്യൂവില്‍ ഈ കപ്പല്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ നാവികസേന കപ്പലിന് അന്ന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.

അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് ഈ ആക്രമണം. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇറാനിയന്‍ കപ്പല്‍ തകര്‍ക്കപ്പെട്ട സംഭവം ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.