എല്ലാം വൈകിപ്പോയി, ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ട്രമ്പ്: അമേരിക്ക-ഇസ്രായേല്‍-ഇറാന്‍ യുദ്ധം നാലാം ദിവസത്തിലേക്ക്
ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, ടെഹ്‌റാനിലും ബെയ്‌റൂട്ടിലും നടന്ന ശക്തമായ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും നാവിക ആസ്ഥാനങ്ങളും ഉള്‍പ്പെടെ 1,250-ലധികം ലക്ഷ്യസ്ഥാനങ്ങള്‍ യുഎസ്-ഇസ്രായേല്‍ സഖ്യം നശിപ്പിച്ചതായി കരുതപ്പെടുന്നു. ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തതോടെ പ്രാദേശിക അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് സംഘര്‍ഷം വ്യാപിക്കുകയാണ്.
ടെഹ്‌റാനിലും ബെയ്‌റൂട്ടിലും പുതിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വ്യോമഗതാഗതം നിര്‍ത്തിവച്ചതും, എണ്ണവില കുതിച്ചുയര്‍ന്നതും, സമുദ്ര പാതകള്‍ക്ക് നേരെയുള്ള ഭീഷണികളും ആഗോള ആശങ്ക വര്‍ദ്ധിപ്പിച്ചു. ഇരുപക്ഷവും വെടിനിര്‍ത്തലിന് തയ്യാറാകുന്നതായി യാതൊരു സൂചനയുമില്ല.
ഇതിനിടെ, ഇറാന്റെ രാഷ്ത്രീയ-സൈനിക കേന്ദ്രങ്ങളില്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ശക്തമായ ആക്രമണങ്ങള്‍ക്കിടെ, ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ താല്പര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞു. ചര്‍ച്ചകള്‍ക്ക് ഇറാന്‍ ഇപ്പോള്‍ തയ്യാറാണെങ്കിലും, ‘അതിനുള്ള സമയം കഴിഞ്ഞു’ എന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ വ്യോമസേന, നാവികസേന, ഭരണനേതൃത്വം എന്നിവ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായെന്നും, ഇറാന്റെ ഔദ്യോഗിക നേതൃത്വവും ഇല്ലാതായെന്നും അദ്ദേഹം അവകാശപ്പെട്ടു. ആദ്യം 4 മുതല്‍ 5 ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് കരുതിയിരുന്ന സൈനികനടപടി, ആവശ്യമെങ്കില്‍ അതിലും കൂടുതല്‍ കാലം തുടരാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍, ആവശ്യമെങ്കില്‍ ഇറാന്റെ മണ്ണിലേക്ക് കരസേനയെ അയക്കുന്ന കാര്യം താന്‍ തള്ളിക്കളയുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. മുന്‍ പ്രസിഡന്റുമാരെല്ലാം ഇത് ചെയ്യില്ലെന്ന് പറയാറുണ്ടെങ്കിലും, താന്‍ അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 28-ന് ആരംഭിച്ച സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചിരുന്നു. ഇറാന്റെ സൈനിക-രാഷ്ട്രീയ ഘടനയെത്തന്നെ ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. അതേസമയം, മേഖലയില്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍, ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഇന്ത്യന്‍ എംബസി കര്‍ശന ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.









