ടോര്‍പ്പിഡോ: അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇന്ത്യന്‍ നാവികസേനയുടെ ആതിഥേയത്വത്തിലുള്ള അഭ്യാസത്തില്‍ പങ്കെടുത്ത ഇറാനിയന്‍ യുദ്ധക്കപ്പലിനെ അമേരിക്ക ആക്രമിച്ചത് ലോകവ്യാപകമായി ഞടുക്കം സൃഷ്ടിച്ചു. ടോര്‍പ്പിഡോ ഉപയോഗിച്ച് യുഎസ് അന്തര്‍വാഹിനി നടത്തിയ ഈ ആക്രമണത്തില്‍ നിരവധി നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി രംഗത്തെത്തി.

ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായിരുന്നു ഫ്രിഗേറ്റ് ‘ദെന’ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. സൈനികാഭ്യാസത്തില്‍ പങ്കെടുക്കാനെത്തിയ ഇറാനിയന്‍ യുദ്ധക്കപ്പലിനെ തകര്‍ത്തതോടെ അമേരിക്ക തെറ്റായ ഒരു കീഴ്വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബുധനാഴ്ച പുലര്‍ച്ചെ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് 130 നാവികരുമായി സഞ്ചരിക്കുമ്പോഴാണ് യുദ്ധക്കപ്പല്‍ മുങ്ങിയത്. വ്യാഴാഴ്ച എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അരാഗ്ചി പറഞ്ഞു: ‘ഇറാന്റെ തീരങ്ങളില്‍ നിന്ന് 2,000 മൈല്‍ അകലെ സമുദ്രത്തില്‍ അമേരിക്ക ഒരു ക്രൂരകൃത്യം ചെയ്തിരിക്കുന്നു. 130-ഓളം നാവികരുമായി പോവുകയായിരുന്ന, ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായ ഫ്രിഗേറ്റ് ‘ദെന’ അന്താരാഷ്ട്ര സമുദ്രപരിധിയില്‍ വെച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ആക്രമിക്കപ്പെട്ടത്. എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, ഇങ്ങനെയൊരു കീഴ്വഴക്കം സൃഷ്ടിച്ചതില്‍ അമേരിക്കയ്ക്ക് പിന്നീട് കയ്‌പേറിയ രീതിയില്‍ പശ്ചാത്തപിക്കേണ്ടി വരും.’

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു ശത്രുകപ്പലിന് നേരെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ ആക്രമണമാണിതെന്ന് പെന്റഗണിലെ വാര്‍ത്താസമ്മേളനത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ‘അന്താരാഷ്ട്ര സമുദ്രപരിധിയില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് കരുതിയ ഇറാനിയന്‍ യുദ്ധക്കപ്പലിനെ അമേരിക്കന്‍ അന്തര്‍വാഹിനി മുക്കി. ഒരു ടോര്‍പ്പിഡോ പ്രഹരത്തിലൂടെയുള്ള നിശബ്ദ മരണം,’ ഹെഗ്‌സെത്ത് വിശദീകരിച്ചു.

അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം. ഇറാനിയന്‍ നാവികസേനയുടെ സതേണ്‍ ഫ്‌ലീറ്റില്‍പ്പെട്ട മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റായ ഐആര്‍ഐഎസ് ‘ദെന’, ഗാലി തീരത്തുനിന്ന് ഏകദേശം 40 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് അപകടസന്ദേശം അയച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 5:30-ഓടെയായിരുന്നു അത്.

ഇന്ത്യന്‍ നാവികസേന കഴിഞ്ഞമാസം വിശാഖപട്ടണത്ത് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഫ്‌ലീറ്റ് റിവ്യൂവിലും ബഹുരാഷ്ട്ര അഭ്യാസപ്രകടനമായ ‘മിലാന്‍ 2026’ലും ഈ ഇറാനിയന്‍ കപ്പല്‍ പങ്കെടുത്തിരുന്നു. ഫെബ്രുവരിയില്‍ വിശാഖപട്ടണത്തെത്തിയ കപ്പലിന് ഇന്ത്യന്‍ നാവികസേന ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.

അതേസമയം, ഈ അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കേണ്ടിയിരുന്ന യുഎസ് നാവികസേനയുടെ ഡിസ്‌ട്രോയര്‍ കപ്പലായ യുഎസ്എസ് പിങ്ക്‌നി വിട്ടുനിന്നു. അടിയന്തര ആവശ്യങ്ങള്‍ കാരണം അഭ്യാസപ്രകടനങ്ങള്‍ക്കായി എത്തിയില്ലെന്നാണ് വിവരം. എങ്കിലും ഒരു യുഎസ് പി8 വിമാനം അഭ്യാസത്തില്‍ പങ്കെടുത്തു. ശ്രീലങ്കയുടെ പ്രവര്‍ത്തന പരിധിയിലാണ് സംഭവം നടന്നതെന്ന് ഇന്ത്യന്‍ പ്രതിരോധവൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാരോ നാവികസേനയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.