ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിര്‍ത്താന്‍ കേന്ദ്ര നിര്‍ദ്ദേശം!
ന്യൂഡല്‍ഹി: ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ ടിആര്‍പി (ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്) റിപ്പോര്‍ട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാര്‍ക്കിനോട് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) നിര്‍ദ്ദേശം നല്‍കി. അടുത്ത നാലാഴ്ചത്തേക്കോ അല്ലെങ്കില്‍ തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെയോ റേറ്റിംഗുകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് നിര് ദേശം.
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചില വാര്‍ത്താ ചാനലുകള്‍ അനാവശ്യ പരിഭ്രാന്തിയും വസ്തുതാവിരുദ്ധമായ ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഇത്തരം റിപ്പോര്‍ട്ടിംഗ് മൂലം, പ്രത്യേകിച്ച് സംഘര്‍ഷ മേഖലകളില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്ളവര്‍ക്കും അവിടെ താമസിക്കുന്നവര്‍ക്കും വലിയ ആശങ്കയുണ്ടാകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
‘നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍, ചില വാര്‍ത്താ ചാനലുകള്‍ അമിത സെന്‍സേഷണലിസവും ഊഹാപോഹങ്ങളും കലര്‍ത്തിയുള്ള ഉള്ളടക്കമാണ് അവതരിപ്പിക്കുന്നത്,’ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
മന്ത്രാലയത്തിന്റെ നയ രൂപീകരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ വകുപ്പ് 24.2 അനുസരിച്ച്, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാന്‍ ബാര്‍ക്ക് ബാധ്യസ്ഥരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ടിആര്‍പി റിപ്പോര്‍ട്ടുകള്‍ തടഞ്ഞുവയ്ക്കാന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ ആഴ്ചകളായി പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളാണ് ടെലിവിഷന്‍ വാര്‍ത്തകളില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഇതിനുമുമ്പ്, 2020-ലും സമാനമൊരു നടപടിയുണ്ടായിരുന്നു. അന്ന് ഡാറ്റ കൃത്രിമം കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.



