ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ യുഎസ് ബോംബിട്ടതായി റിപ്പോർട്ട്

പേര്‍ഷ്യന്‍ ഗള്‍ഫ്: ഇറാന്റെ തീരത്തുനിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെ പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപ് ശക്തമായ ബോംബാക്രമണത്തിന് ഇരയായി. അഞ്ച് മൈല്‍ നീളമുള്ള ഈ ദ്വീപ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ സുപ്രധാന കേന്ദ്രമാണ്. യുഎസ്-ഇസ്രായേല്‍ സഖ്യത്തിന്റെ നിലവിലെ സൈനിക നടപടിക്കിടെ ഇറാനിലെ ഏകദേശം 5,000 ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കപ്പെട്ടെങ്കിലും ഖാര്‍ഗ് ദ്വീപ് ഇതുവരെ ഒഴിവാക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പറഞ്ഞതനുസരിച്ച്, ഖാര്‍ഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ദ്വീപിലെ എണ്ണ കേന്ദ്രങ്ങള്‍ ലക്ഷ്യമിടേണ്ടെന്ന് തീരുമാനിച്ചതായും ട്രംപ് വ്യക്തമാക്കി. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുമായി സംസാരിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞത്, ആക്രമണം ഖാര്‍ഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങളില്‍ മാത്രമായി ഒതുങ്ങിയെന്നും യുഎസ് നാവികസേന ഉടന്‍ തന്നെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ടാങ്കറുകള്‍ക്ക് സുരക്ഷാ അകമ്പടി നല്‍കുമെന്നുമാണ്.

‘ലോകം കണ്ടിട്ടില്ലാത്തത്ര ശക്തവും നൂതനവുമായ ആയുധങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. എങ്കിലും, മാനുഷിക പരിഗണനകള്‍ക്ക് വില നല്‍കി, ദ്വീപിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍, ഇറാനോ മറ്റേതെങ്കിലും കക്ഷിയോ ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ ഗതാഗതത്തെ തടസ്സപ്പെടുത്തിയാല്‍, ഈ തീരുമാനം ഞാന്‍ ഉടനടി പുനഃപരിശോധിക്കും,’ ട്രംപ് തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണ് ഖാര്‍ഗ് ദ്വീപ്. നിലവിലെ യുദ്ധത്തില്‍ ഇതുവരെ ഈ കയറ്റുമതി കേന്ദ്രം ആക്രമിക്കപ്പെടാതിരുന്നതിന്റെ പ്രധാന കാരണം, അത് ഇതിനകം ഉയര്‍ന്ന നിലവാരത്തിലുള്ള ആഗോള എണ്ണവിലയില്‍ കൂടുതല്‍ വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നതാണ്. അത്തരമൊരു ആക്രമണം ഇറാന്റെ പ്രതിദിന ക്രൂഡ് ഓയില്‍ കയറ്റുമതിയെ പൂര്‍ണ്ണമായും തകര്‍ക്കും.

നിലവിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ക്രൂഡ് ഓയിലിന്റെ വില ബാരലിന് 150 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഷിപ്പിംഗ് വിദഗ്ധന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്, ഇറാന്റെ പ്രധാന എണ്ണ-വാതക ഉല്‍പ്പാദന, കയറ്റുമതി കേന്ദ്രങ്ങള്‍ ഇതുവരെ ആക്രമിക്കപ്പെടാതിരുന്നത് എണ്ണവില നിയന്ത്രിക്കാനുള്ള ബോധപൂര്‍വമായ തീരുമാനമായിരിക്കാമെന്നാണ്. മറ്റ് രാജ്യങ്ങളുടെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇറാന് നല്‍കുന്ന പരോക്ഷ സന്ദേശം കൂടിയാണിത്. യുദ്ധാനന്തരം ഇറാന്റെ സാമ്പത്തിക പുനരുജ്ജീവനത്തിന് ഈ കേന്ദ്രങ്ങള്‍ അത്യന്താപേക്ഷിതവുമാണ്.

ഇറാന്റെ മധ്യ, പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ എണ്ണപ്പാടങ്ങളില്‍ നിന്നുള്ള പൈപ്പ് ലൈനുകള്‍ അവസാനിക്കുന്നത് ഖാര്‍ഗ് ദ്വീപിലാണ്. യുഎസ് ആസ്ഥാനമായുള്ള ‘അമോക്കോ’ (Amoco) എണ്ണക്കമ്പനിയാണ് ഈ കേന്ദ്രം സ്ഥാപിച്ചത്, പിന്നീട് 1979-ലെ വിപ്ലവകാലത്ത് ഇറാന്‍ ഇത് ഏറ്റെടുക്കുകയായിരുന്നു.

ഇറാന്റെ തീരപ്രദേശങ്ങള്‍ ഭൂരിഭാഗവും ആഴം കുറഞ്ഞതിനാല്‍ വലിയ ക്രൂഡ് ഓയില്‍ കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയില്ല. എന്നാല്‍, ഖാര്‍ഗ് ദ്വീപിന് സമീപമുള്ള ആഴക്കടല്‍ ഈ വലിയ കപ്പലുകളെ എളുപ്പത്തില്‍ സമീപിക്കാന്‍ അനുവദിക്കുന്നു, ഇത് ദ്വീപിന്റെ തന്ത്രപ്രധാന മൂല്യം വര്‍ദ്ധിപ്പിക്കുന്നു.

ജെപി മോര്‍ഗന്റെ കണക്കുകള്‍ പ്രകാരം, പ്രതിദിനം ശരാശരി 15 ലക്ഷം ബാരല്‍ എണ്ണ ഖാര്‍ഗ് വഴി കയറ്റുമതി ചെയ്യുന്നുണ്ട്. യുഎസ് ആക്രമണ സാധ്യത മുന്‍നിര്‍ത്തി ഫെബ്രുവരി പകുതിയോടെ ഇറാന്‍ ഈ കയറ്റുമതി പ്രതിദിനം 30 ലക്ഷം ബാരലായി വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ, 1.8 കോടി ബാരല്‍ എണ്ണ ഖാര്‍ഗില്‍ കരുതല്‍ ശേഖരമായി സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.