60 ശതമാനം സീറ്റുകള്‍ സൗജന്യമാക്കണമെന്ന് ഉത്തരവ് മരവിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: എയര്‍ലൈനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 60 ശതമാനം സീറ്റുകള്‍ സൗജന്യമാക്കണമെന്ന ഉത്തരവ് മരവിപ്പിച്ച് കേന്ദ്രം. സമഗ്രമായി പരിശോധനക്കായി ഉത്തരവ് മരവിപ്പിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഈ വിഷയത്തില്‍ വിശദമായ പരിശോധന നടക്കുന്നത് വരെ, കുറഞ്ഞത് 60% സീറ്റുകള്‍ സൗജന്യമായി നല്‍കണമെന്ന വ്യവസ്ഥ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് തുടരുമെന്നും വ്യോമയാനമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ആകാശ എയറും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സും നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രവ്യോമയാനമന്ത്രാലയത്തിന്റെ നടപടി.

ഇന്ത്യയിലെ വിമാനയാത്രക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരവുമായി ഡി.ജി.സി.എ(ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) സൗജന്യ സീറ്റുകള്‍, സീറ്റിങ്
അറേഞ്ച്‌മെന്റ് എന്നിവയെല്ലാം സ്വാധീനിക്കുന്ന നിര്‍ണായക ഉത്തരവ് ഡി.ജി.സി.എ ഇന്ന് പുറപ്പെടുവിച്ചത്.

പുതിയ ഉത്തരവ് പ്രകാരം വിമാനത്തിലെ 60 ശതമാനം സീറ്റുകള്‍ സൗജന്യമായിരിക്കണമെന്ന് ഡി.ജി.സി.എ നിര്‍ദേശിക്കുന്നു. നേരത്തെ വിമാനത്തിലെ കുറച്ച് സീറ്റുകള്‍ മാത്രമാണ് കമ്പനികള്‍ സൗജന്യമായി നല്‍കിയിരുന്നത്. ബാക്കിയുള്ള സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് പ്രത്യേക പണം നല്‍കേണ്ടിയിരുന്നു. ഉത്തരവ് നടപ്പിലാവുന്നതോടെ വിമാനത്തിലെ 60 ശതമാനം സീറ്റുകളും പ്രത്യേക പണമൊന്നും നല്‍കാതെ തന്നെ ആളുകള്‍ക്ക് ബുക്ക് ചെയ്യാം.

വിമാനം വൈകല്‍, റദ്ദാക്കല്‍, ബോര്‍ഡിങ് നിഷേധിക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് എന്തൊക്കെ അവകാശങ്ങളുണ്ടെന്ന് വെബ്‌സൈറ്റിലും ആപിലും വിമാന കമ്പനികള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. പ്രാദേശിക ഭാഷകളിലും ഇക്കാര്യം പ്രദര്‍ശിപ്പിക്കണമെന്ന് ഡി.ജി.സി.എ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം സംഗീത, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ എന്നിവ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും ഡി.ജി.സി.എ അറിയിച്ചു.

അഞ്ച് ലക്ഷം യാത്രക്കാരുമായി ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമതാണ് ഇന്ത്യ. ഉഡാന്‍ സര്‍വീസുകളുടെ വരവോടെ ഇന്ത്യയില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി കുറഞ്ഞ നിരക്കില്‍ വിമാനത്താവളങ്ങളില്‍ കഫേകള്‍ ആരംഭിക്കുമെന്നും ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം പുസ്തകങ്ങളും വൈ-ഫൈയും ഉഡാന്‍ കഫേയില്‍ ലഭ്യമാക്കുമെന്നും ഡി.ജി.സി.എ പറയുന്നു.