ആരോരുമറിയാത്ത പാഴ്മുളം തണ്ടിനെ പുല്ലാങ്കുഴലാക്കി മാറ്റി; ആ പുല്ലാങ്കുഴലിലെ നാദമായി അനേകര്‍: ദൈവം കയ്യൊപ്പിട്ട ഒരു ജീവിത കഥ…


‘ദേവാങ്കണത്തെ ദേവദാരായി, പൂത്ത് തളിര്‍ത്തിടും വളര്‍ത്തീടും ഞാന്‍, ഋതു ഭേതമില്ലാതെ പുഷ്ടിയോടെ, വാര്‍ദ്ധക്യമായാലും ഫലമേകിടും’! ദൈവം ചിലരെ വഴി നടത്തുന്നതും നയിക്കുന്നതും പലപ്പോഴും അവര്‍ക്ക് ഊഹിക്കാന്‍ പോലും പറ്റാത്ത സാഹചര്യങ്ങളില്‍ കൂടി ആയിരിക്കും, ദൈവം ഇടപെടുന്നത് ഓരോരോ അവസരങ്ങളിലൂടെയാണ്.

കാസര്‍ഗോഡ് ജില്ലയില്‍ കരിവേടകം ഗ്രാമത്തില്‍ പരേതനായ പയ്യനാട് ജോസഫ്, ഏലിയാമ്മ ദമ്പതികളുടെ മകള്‍ ലീലാമ്മ എന്ന 61 വയസുകാരിയുടെ ജീവിത കഥ ദൈവം കയ്യൊപ്പിട്ട ഒരല്‍ഭുത കഥയാണ്. കാട്ടില്‍ ആരോരുമാറിയാത്ത വളരുന്ന പാഴ്മുളം തണ്ടിനെ പുല്ലാങ്കുഴല്‍ ആക്കിപോലെയായിരുന്നു ലീലാമ്മ ടീച്ചറുടെ ജീവിതം.

നിര്‍മ്മലഗിരി കോളേജില്‍ നിന്നും സയന്‍സില്‍ ബിരുദവും, മംഗലാപുരത്തെ സെന്റ്. ആന്‍സ് കോളേജില്‍ നിന്ന് ബി.എഡും കരസ്ഥമാക്കി പി.എസ്.സി എഴുതി ഇന്റര്‍വ്യൂ കാര്‍ഡ് പ്രതീക്ഷിച്ചിരുന്ന ലീലാമ്മയ്ക്ക് ഒരിക്കലും കാര്‍ഡ് ലഭിച്ചില്ല. ലഭിക്കുമെന്ന് കരുതിയ ആ ജോലി നഷ്ടപ്പെട്ടപ്പോള്‍ കര്‍ണാടകത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജോലി തേടേണ്ടി വന്നു. ലീലാമ്മ ജോസഫ് ലീലാമ്മ ടീച്ചറായി. ജീവിതത്തില്‍ ലഭിച്ച വരുമാനമൊന്നും ഒന്നിനും തികയാതെ നിലനില്പിന്റെ ക്ലേശങ്ങളും, സാമ്പത്തീക പ്രശ്‌നങ്ങളും ഈ അവിവാഹിതയെ അലട്ടിത്തുടങ്ങി. അവിവാഹിതരായ രണ്ടു സഹോദരങ്ങളുടെയും ഉത്തരവാദിത്വം ടീച്ചറിന്റെ ചുമലിലായി.

മലബാറിന്റെ അതിര്‍ത്തിയില്‍ വളരെ സാധാരണക്കാരിയായ ജീവിച്ച ലീലാമ്മ വളരെ ആക്‌സ്മികമായിട്ടായിരുന്നു ക്രിസ്തീയ സംഗീത ലോകത്ത് എത്തിയത്. നിത്യ ജീവിതത്തിന്റെ ദുരിതങ്ങള്‍ തുടര്‍ക്കഥ ആയപ്പോള്‍, ടീച്ചര്‍ രാത്രിയുടെ യാമങ്ങളില്‍ മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അപ്പോഴാണ് താന്‍ തന്റെ ഏകാന്തതയില്‍ ദൈവത്തോട് സല്ലപിക്കുന്നവേളയില്‍ എഴുതിക്കൂട്ടിയ കവിതകള്‍ തന്നെ തുണയാകുമെന്ന പ്രേരണ ഉണ്ടായത്. ടീച്ചറിന്റെ ആത്മാവിന്റെ ആഴങ്ങളില്‍ സംഗീതമുണ്ടായിരുന്നു. ദൈവം അവരുടെ ഹൃദയത്തിന്റെ അകതളങ്ങളില്‍ നിക്ഷേപിച്ച സംഗീതം.

കലിതുള്ളി ചിതറുന്ന വെള്ളത്തില്‍ കര അണയാന്‍ പാടുപെടുന്ന തോണിപോലെ, ആറ് ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യുന്ന ടീച്ചര്‍ പെന്‍ഷനില്ലാതെ വിശ്രമ ജീവിതത്തിലെത്തി. നുള്ളിപെറുക്കിയെടുത്ത കാശുമായി 2011ല്‍ ടീച്ചര്‍ നടത്തിയ വിശുദ്ധനാട് സന്ദര്‍ശനം അവരുടെ ജീവിതം മാറ്റി മറിച്ചു. അങ്ങനെയാണ് ഏകാന്തതയില്‍ കോറിയിട്ട നിരവധി കവിതകള്‍ ആല്‍ബങ്ങള്‍ ആക്കുന്നത് നന്നായിരിക്കുമെന്ന ഉള്‍വിളി ഉണ്ടായത്. ടീച്ചര്‍ ചിലരോടൊക്കെ കാര്യം പറഞ്ഞു. എന്നാല്‍ എവിടെ നിന്ന് തുടങ്ങുമെന്ന കാര്യത്തില്‍ പിന്നെയും ആശയക്കുഴപ്പം.

ഒടുവില്‍ രണ്ടും കല്പിച്ച് ലീലാമ്മ ടീച്ചര്‍ താന്‍ എഴുതിയ കുറെ ഗാനങ്ങളുമായി ക്രിസ്തിയ ഭ്കതിഗാന സാഗരത്തിലേയ്ക്ക് ഇറങ്ങി. അവിടെയും ടീച്ചറിന് കടമ്പകള്‍ ഏറെ ആയിരുന്നു. െ്രെകസ്തവ സംഗീത രംഗം ബിസിനസ് കൂടി മാറിയിരുന്ന മേഖലയില്‍ യാതൊരു സാങ്കേതിക സഹായമോ, മാര്‍ക്കറ്റിംഗ് നിപുണതയോ ഇല്ലാതെ കാലെടുത്തു വയ്ക്കുക എന്നതും തടസ്സമായി. അവിടെയും ടീച്ചര്‍ പ്രാര്‍ത്ഥിച്ചു. ഒരു സംഗീത ആല്‍ബം എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഒരിക്കലും അറിവില്ലാത്ത ടീച്ചര്‍ 2012ല്‍, അവരുടെ സാഹചര്യം ദൈവത്തിനു സമര്‍പ്പിച്ച് ‘തിരുഹിതം പോല്‍’ എന്ന ആദ്യ ഭക്തിഗാന സമാഹാരം ഇറക്കി. ഇപ്പോഴും എങ്ങനെ സാധ്യമാക്കി എന്ന് വിശ്വസിക്കാനാവാതെ ടീച്ചര്‍ ആദ്യമായി ഇറക്കിയ ഈ ആല്‍ബം വീടുകളും, ദേവാലയങ്ങളും, ധ്യാന മന്ദിരങ്ങളുമൊക്കെ കൊണ്ട് നടന്നു വിറ്റു. ടീച്ചറിന്റെ പാട്ടുകള്‍ ജനം കേള്‍ക്കാന്‍ തുടങ്ങി. ‘ഞാനറിഞ്ഞോ ഈ കദനങ്ങളൊക്കെയും തേനൂറും ഓര്‍മ്മകളാകുമെന്ന്’, രചനയും നിര്‍മ്മാണവും വിതരണവും അറുപതികാരിയായ ഒരു സ്ത്രീ ഒറ്റക്ക് ചെയ്ത് വിജയംവരിച്ച ആദ്യ സംഭവവും ഒരുപക്ഷെ ഇതാദ്യമായിരിക്കും.

‘ആരോരുമാറിയാത്ത പാഴ്മുളം തണ്ടാംമെന്നെ പുല്ലാങ്കുഴലാക്കി മാറ്റിയ സ്‌നേഹമേ’ എന്ന മനോഹരമായ ദിവ്യ ശ്രുതി ഈ ആല്‍ബത്തിലൂടെ െ്രെകസ്തവ സംഗീത ശാഖയില്‍ എത്തി. ശാലോം ടിവി ഈ പാട്ട് ചിത്രികരിച്ചു പ്രക്ഷേപണം ചെയ്തിരുന്നു. നിരവധി െ്രെകസ്തവ ശിശ്രുഷകളിലും, മത്സരവേദികളിലും ഈ ഗാനം വൈറലായി. ടീച്ചറിനെ ജനം അടുത്തറിയാന്‍ തുടങ്ങി. 2013ല്‍ രണ്ടാമത്തെ ആല്‍ബം ‘സോദരങ്ങള്‍ക്കായ്’ വിപണിയിലെത്തിയത്. എങ്കിലും ആല്‍ബങ്ങള്‍ മാര്‍ക്കറ്റില്‍ വില്ക്കുന്ന രീതിയോ, വരുമാനം ഉണ്ടാക്കുന്ന മാര്‍ഗ്ഗങ്ങളോ ടീച്ചറിനെ തേടിയെത്തിയില്ല അല്ലെങ്കില്‍ കണ്ടെത്താനായില്ല. എങ്കിലും ദൈവത്തില്‍ ആശ്രയിച്ചു ടീച്ചര്‍ ശ്രമങ്ങള്‍ തുടര്‍ന്നു. െ്രെകസ്തവ സംഗീതത്തെ ബിസിനസ് ആയി കാണാതെ, ദൈവത്തിന്റെ നാമം അനേകര്‍ക്ക് ആശ്വാസസംഗീതമായി എത്തിക്കണമെന്നും, എന്തെങ്കിലും അതില്‍ നിന്ന് ലഭിച്ചാല്‍ അവിവാഹിതരായി കഴിയുന്ന മൂത്തസഹോദരങ്ങളെ ജീവിത സായാഹ്നത്തില്‍ പരിപാലിക്കാനും, കൊച്ചു കൊച്ചു ജീവകാരുണ്യ പ്രവര്‍ത്തികളില്‍ ശിഷ്ടകാലം ഏര്‍പ്പെടുവാനുമാണ് വര്‍ഷങ്ങളായി എഴുതി കരുതിവച്ച നൂറുകണക്കിന് കവിതകളുമായി ടീച്ചര്‍ സംഗീത രംഗത്ത് എത്തിയത്. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തില്‍ അദ്ധ്വാനത്തിന്റെ ഫലം ദൈവം നല്‍കുമെന്ന വിശ്വാസത്തിലാണ് ടീച്ചര്‍.

അതേസമയം കടം മേടിച്ചും, മിച്ചം പിടിച്ചും സൂക്ഷിച്ച കാശുമായി ടീച്ചര്‍ മൂന്നാമാത്തെ ആല്‍ബത്തിന്റെ പണിപുരയിലാണ് ഇപ്പോള്‍. അനേകര്‍ക്ക് സാക്ഷ്യമായി തീരണം എന്നാഗ്രഹിച്ച് ടീച്ചര്‍ ആല്‍ബത്തിന് പേരുനല്‍കി, ‘രാജസാക്ഷ്യം’. ഈ ആല്‍ബത്തെ കുറിച്ച് ചിന്തിക്കുന്ന അവസരത്തിലാണ് യാദൃച്ഛികമായി സുഷ്മിത ചാക്കോ എന്ന പെണ്‍കുട്ടിയെ ലീലാമ്മ ടീച്ചര്‍ കണ്ടുമുട്ടുന്നത്. ചെറുപ്രായത്തില്‍ ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നു നട്ടെല്ലിന് ക്ഷതം സംഭവിച്ച് ദീര്‍ഘനാള്‍ കിടക്കയിലായിരുന്ന കുട്ടിയായിരുന്നു സുഷ്മിത. എന്നാല്‍ ദൈവ വിശ്വാസം മുറുകെപിടിച്ച്, ജീവിതത്തോടുള്ള ആസ്‌കതിയില്‍ സുഷ്മിത പഠിച്ച് ബിരുതം നേടി. കമ്പ്യൂട്ടറും സംഗീതവും ഇതിനിടയില്‍ പഠിച്ചു. ‘ആരോരുമറിയാത്ത പാഴ്മുളം തണ്ടാംമെന്നെ പുല്ലാങ്കുഴലാക്കി മാറ്റിയ സ്‌നേഹമേ’ എന്ന ഗാനം കേട്ടാണ് സുഷ്മിതയ്ക്ക് ടീച്ചറിനെ കാണണമെന്ന് തോന്നിയത്.

തമിഴ്‌നാടിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ ജീവിക്കുന്ന സുഷ്മിത, കര്‍ണ്ണാടകയോട് ചേര്‍ന്ന അതിര്‍ത്തിയില്‍ ജീവിക്കുന്ന ടീച്ചര്‍. രണ്ടുപേര്‍ക്കും ജീവിത സാഹചര്യങ്ങള്‍ കൊണ്ട് കണ്ടുമുട്ടാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥ. എന്നാല്‍ അവര്‍ ആഗ്രഹിച്ചതുപോലെതെന്നെ അവര്‍ കണ്ടുമുട്ടി. സുഷ്മിതയിലെ വേറിട്ട ഗായികയെ ടീച്ചര്‍ തിരിച്ചറിഞ്ഞു. രാജസാക്ഷ്യം എന്ന പുതിയ ആല്‍ബത്തില്‍ സാക്ഷ്യമായി തന്നെ സുഷ്മിതയുടെ ഗാനവും എത്തും. ആല്‍ബത്തിലെ പ്രോമോ ഗാനം പാടിയിരിക്കുന്നത് സുഷ്മിതയാണ്. ആരായാലും സ്‌നേഹിക്കും എന്റെ പൊന്നുദൈവമേ എന്ന് തുടങ്ങുന്ന സുഷ്മിതയുടെ ഗാനം ഉടന്‍ തന്നെ യുടൂബില്‍ റിലീസ് ചെയ്യും. ആരോരുമറിയാത്ത പാഴ്മുളം തണ്ടുകളെ പുല്ലാങ്കുഴലാക്കി മാറ്റിയ സ്‌നേഹത്തോട് നന്ദി പറയുന്ന സന്തോഷത്തിലാണ് ഗായികയും, ഗാനരചയിതാവും ഇപ്പോള്‍. അതേസമയം സുഷ്മിത സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണ്, ഊന്നുവടികളുടെ സഹായത്തോടെ. സംഗീത വഴിയില്‍ സഞ്ചരിക്കുമ്പോള്‍ ഇതുപോലെ ഇനിയും സുഷ്മിതമാരെ ലോകത്തിനു പരിച്ചയപ്പെടുത്തണമെന്ന ആഗ്രഹവും ടീച്ചര്‍ മറച്ചുവയ്ക്കുന്നില്ല.

sahansangeethcreations@gmail.com എന്ന ഇമെയിലില്‍ ടീച്ചറിനെ കോണ്‍ടാക്റ്റ് ചെയ്യാവുന്നതാണ്.

മനോഹരമായ ‘ആരോരുമാറിയാത്ത പാഴ്മുളം തണ്ടാംമെന്നെ പുല്ലാങ്കുഴലാക്കി മാറ്റിയ സ്‌നേഹമേ’ എന്ന ഗാനത്തിന്റെ ദൃശ്യാവിഴ്കാരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.