കോള്‍ സെന്റര്‍ തട്ടിപ്പിലെ മുഖ്യപ്രതി കാമുകിക്ക് ജന്മദിന സമ്മാനമായി നല്‍കിയത് രണ്ടര കോടിയുടെ കാര്‍

call-centewwre-scam-lതാനെ : അമേരിക്കന്‍ പൌരന്മാരെ കബളിപ്പിച്ച്‌ കോള്‍ സെന്ററിന്റെ മറവില്‍ 500കോടി തട്ടിച്ച കേസിലെ മുഖ്യ പ്രതിയായ യുവാവ് തന്റെ കാമുകിക്ക് ജന്മദിന സമ്മാനമായി നല്‍കിയത് രണ്ടര കോടിയുടെ ഓഡി കാര്‍.  സാഗര്‍ താക്കര്‍(23) എന്ന ഷാഗിയാണ് തന്റെ ഇരുപത്തിയൊന്നുകാരിയായ കാമുകിക്ക് രണ്ടര കോടി വിലവരുന്ന ഓഡിയുടെ ആര്‍8 കാര്‍ സമ്മനമായി നല്‍കിയത്‌.  ഷാഗിയുടെ അറസ്റ്റിലുള്ള  സുഹൃത്തുക്കളില്‍ നിന്നാണ് കാമുകിക്ക് കാര്‍ സമ്മാനമായി നല്‍കിയ വിവരം പോലീസ് അറിയുന്നത്. എന്നാല്‍ കാമുകി എവിടെയാണുള്ളത് എന്ന്  പോലീസിനും അറിവില്ല. ചെറുപ്രായത്തില്‍ത്തന്നെ ലക്ഷാധിപതിയായ ഷാഗി തന്റെ ബാല്യകാലസുഹൃത്തുക്കളെ ചേര്‍ത്താണ് തട്ടിപ്പു ശൃംഖലയുണ്ടാക്കിയത്. അധികം വിദ്യാഭ്യാസമില്ലാത്ത,  എന്നാല്‍ സമര്‍ത്ഥരായ യുവാക്കളെയാണ് ഇയാള്‍ ജോലിക്ക് നിയോഗിച്ചിരുന്നത്. 800-ഓളം ജീവനക്കാരാണിവിടെയുണ്ടായിരുന്നത്. 15,000 രൂപ മുതല്‍ 60,000 രൂപ വരെയായിരുന്നു ശമ്പളം. ജീവനക്കാര്‍ക്കുംകൂടി പങ്കാളിത്തമുള്ള രീതിയിലാണ് ഷാഗി തന്റെ കോള്‍സെന്ററുകള്‍ നടത്തിയിരുന്നത്. കിട്ടുന്ന ലാഭത്തില്‍ ഒരു പങ്ക് നല്‍കിയിരുന്നതുകൊണ്ട് ആരും വിവരം പുറത്തും പറഞ്ഞിരുന്നില്ല. ഇങ്ങനെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.