ട്രംപിനെതിരെ ലൈംഗിംകാരോപണവുമായി കൂടുതൽ സ്ത്രീകൾ

GOP Presidential Ca വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിന്‍റെ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനമോഹത്തിന് തിരിച്ചടി നല്‍കി കൊണ്ട് ട്രംപിനെതിരെ ലൈംഗിംകാരോപണവുമായി സ്ത്രീകൾ രംഗത്ത്‌. മോഡലും മുൻ ടെലിവിഷൻ റിയാലിറ്റി ഷോ താരവുമായ യുവതിയാണ് ട്രംപിന്‍റെ മോശം പെരുമാറ്റത്തിനെതിരെ ഏറ്റവുമൊടുവിൽ രംഗത്ത് വന്നിരിക്കുന്നത്. ലോസ് ഏഞ്ചലസിലെ ബംഗ്ളാവിൽ വെച്ച് ട്രംപ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് താരമായ സമ്മർ സെർവോസിന്‍റെ ആരോപണം. ഷോയിൽ നിന്ന് പുറത്തായതിന് ശേഷം ട്രംപിന്‍റെ ഗോൾഫ് കോഴ്സിൽ ജോലി അപേക്ഷിച്ചെത്തിയപ്പോഴായിരുന്നു സംഭവമെന്നും ലോസ് ഏഞ്ചൽസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യുവതി വ്യക്തമാക്കി.

ആദ്യത്തെ തവണ കണ്ടപ്പോൾ ‘ദ അപ്രന്‍റീസി’ലെ തന്‍റെ പ്രകടനം ആകർഷിച്ചുവെന്നും ജോലി തരാമെന്നും പറഞ്ഞുകൊണ്ടാണ് മറ്റൊരു കൂടിക്കാഴ്ചക്ക് ട്രംപ് തന്നെ ക്ഷണിച്ചത്. ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാൽ അവിടെയെത്തിയ തന്നെ സെക്യൂരിറ്റി ഗാർഡ് ബംഗ്ളാവിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് ട്രംപ് തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും കിടപ്പറയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്നുമാണ് സെർവോസ് വെളിപ്പെടുത്തിയത്. ട്രംപിനെ തള്ളിമാറ്റി താൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നും സെർവോസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തന്‍റെ അഭിഭാഷകയായ ഗ്ളോറിയ ആൽറെഡിനൊപ്പം വാർത്താസമ്മേളനത്തിനെത്തിയ സെർവോസ് വിതുമ്പിക്കൊണ്ടാണ് സംസാരിച്ചത്. അതേസമയം വിവാദങ്ങള്‍ക്കെതിരെ ട്രംപ് പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ ദിവസവും ട്രംപിനെതിരെ ലൈംഗിക ആരോപണങ്ങളുമായി സ്ത്രീകള്‍ രംഗത്ത്‌ വന്നിരുന്നു.