മുത്തലാഖിനെ വിമർശിച്ച്​ കോ​​ൺഗ്രസ്​ നേതാവ്​ സിദ്ദിഖി​ന്‍റെ മുൻ ഭാര്യ

14657449_177 കോഴിക്കോട് : മുത്തലാഖിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സിദ്ദിഖിെൻറ മുൻ ഭാര്യ നസീമാ ജമാലുദ്ദീന്‍. മുത്വലാഖും ചില ചിന്തകളും എന്ന പേരില്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് നസീമ ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ഇസ്‌ലാം വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഇത്തരം ആചാരങ്ങൾക്കെതിരെ പണ്ഡിത സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അവര്‍ പറയുന്നു. വർഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഒരു ഫോൺ കോളിലൂടെയോ അല്ലെങ്കിൽ ഒരു പേപ്പർ തുണ്ടിലൂടെയോ മൊഴി ചൊല്ലുന്നതിനെ മുത്വലാഖ് എന്ന ഒാമനപ്പേരിലൂടെ ആധികാരികതയുണ്ടാക്കാൻ ശ്രമിക്കുന്നിടത്താണ് ഒരു കാടൻ നിയമം നടപ്പിലാക്കപ്പെടുന്നതെന്നും ഇക്കഴിഞ്ഞൊരു പെരുന്നാളിൽ പുത്തനുടുപ്പിട്ട് സ്വന്തം പിതാവിന്റെ ഇടവും വലവും നിന്ന് ആഘോഷിക്കേണ്ട എന്റെ മക്കൾ പകരം മറ്റാരുടെയോ മക്കളുടെ കൂടെയുള്ളൊരു പിതാവിന്റെ ചിത്രം കണ്ട് കരഞ്ഞതും പെരുന്നാൾ ആഘോഷിക്കാതിരുന്നതുമടക്കം ഒട്ടനവധി വേദനകൾ സമ്മാനിച്ചതും ഇതേ മുത്വലാഖാണെന്നും നസീമ പറയുന്നു. കൂടാതെ എന്റെ അനുഭവം ഒറ്റപ്പെട്ടതല്ല,സമാനമായ അനുഭവങ്ങളുള്ള ഒട്ടനവധി സ്ത്രീകൾ പ്രതികരിക്കാൻ പോലും കഴിയാതെ വേദനകൾ ഉള്ളിലൊതുക്കി കഴിയുന്നുണ്ട്.ഇനിയുമൊട്ടേറെപേർക്കായി വളച്ചൊടിക്കപ്പെട്ട ഈ നിയമം താളുകളിൽ കുറിക്കപ്പെടുന്നുണ്ടാകാം.ഇത്തിരി മഷി ബാക്കി വന്നൊരു പേനയും പാതികീറിയ പേപ്പറും ഇനിയും ഒരുപാട് പേരുടെ ജീവിതം തകർത്തേക്കാം.അത് കൊണ്ട് തന്നെ ചർച്ചകൾ നടക്കേണ്ടത് വക്രീകരിക്കപ്പെട്ട ഈ നിയമത്തിന്റെ സാധൂകരണത്തിന് വേണ്ടിയല്ല, മറിച്ച് സമൂഹത്തിൽ നിന്ന് എന്നന്നേക്കുമായി തുടച്ചു നീക്കാനുള്ള ചർച്ചകളാണ് നടക്കേണ്ടത് എന്നും നസീമ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
മുത്വലാഖും ചില ചിന്തകളും.
************************************
ഇസ്‌ലാമിൽ വിവാഹമോചനത്തെ കുറിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് ത്വലാഖ്.ഇസ്‌ലാമിക നിയപ്രകാരം ഒരു സ്ത്രീയെ വിവാഹ മോചനം ചെയ്യണമെങ്കിൽ ത്വലാഖിന്റെ മൂന്നു ഘട്ടങ്ങൾ കഴിയണം.ഇതിനെയാണ് മുത്വലാഖ്‌ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.ദാമ്പത്യം ഏതു തരത്തിലും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്തൊരു സാഹചര്യത്തിൽ അത്രമേൽ വെറുപ്പോടെ ദൈവം അനുവദിച്ചൊരു കാര്യമാണ് വിവാഹമോചനമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.ആദ്യം മാനസികമായുള്ള അകൽച്ചയും പിന്നീടത് ശാരീരികമായുള്ള അകൽച്ചയും,ഇടയ്ക്കു ഒന്നിച്ചു ചേരാനുള്ള കുടുംബങ്ങൾ ഇടപെട്ടുള്ള മധ്യസ്ഥ ചർച്ചകളും തുടങ്ങി അതി സങ്കീർണ്ണമായ ഒട്ടനവധി കടമ്പകൾ പിന്നിട്ടാണ് സത്യത്തിൽ വിവാഹ മോചനം എന്ന കർമം ഇസ്‌ലാം അനുവദിക്കുന്നുള്ളൂ…കാലക്രമേണ മനുഷ്യർ അവനവന്റെ സൗകര്യപൂർണ്ണമായൊരു തലത്തിലേക്ക് ഈ നിയമങ്ങളെ കൊണ്ടെത്തിക്കുകയും തൽഫലമായി മുത്വലാഖ്‌ പോലെയുള്ള തീർത്തും സ്ത്രീവിരുദ്ധവും അവിവേകവുമായ പല നിയമങ്ങളും ഇസ്‌ലാമിൽ കടന്നു കൂടുകയും ചെയ്തു.അതിന്റെ ഫലമാണ് പുതുരീതികളായ വാട്സാപ്പ് ത്വലാഖുകളും വെള്ളപ്പേപ്പറിൽ രേഖപ്പെടുത്തുന്ന ചില ത്വലാഖുകളുമൊക്കെ.തീർത്തും ഇസ്‌ലാം വിരുദ്ധവും സ്ത്രീകളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ആചാരങ്ങൾക്കെതിരെ പണ്ഡിത സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.വർഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഒരു ഫോൺ കോളിലൂടെയോ അല്ലെങ്കിൽ ഒരു പേപ്പർ തുണ്ടിലൂടെയോ മൊഴി ചൊല്ലി അതിനെ മുത്വലാഖ്‌ എന്നൊരു ഓമനപ്പേരും നൽകി ആധികാരികതയുണ്ടാക്കാൻ ശ്രമിക്കുന്നിടത്താണ് ഒരു കാടൻ നിയമം നടപ്പിലാക്കപ്പെടുന്നത്.ഇവിടെ ഇരകൾക്ക് മതപരവും നിയപരവുമായ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു.എല്ലാ മതാനുയായികള്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം അനുവദിക്കുന്നു എന്ന ഇന്ത്യന്‍ സെക്യുലറിസത്തിന്റെ സവിശേഷാധികാരവും ഇസ്‌ലാമിക നിയമപ്രകാരം ഒരു സ്ത്രീക്ക് കിട്ടേണ്ട നീതിയും ഒരുപോലെ നിഷേധിക്കപ്പെടുന്ന അവസ്ഥയും ഇത്തരം ത്വലാഖിലൂടെ നടപ്പിലാവുന്ന കാഴ്ചയും ഇന്ന് സർവ സാധാരണമാണ്.ഈ മുത്വലാഖ് എന്ന കാടൻ നിയമം മൂലം സ്വന്തം ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളാണ് ഇതിന്റെ വ്യാപ്തി മനസ്സിലാക്കാൻ സഹായിച്ചത്. മുത്വലാഖ്‌ കുറിക്കപ്പെട്ട ഒരു കുറിപ്പ് കയ്യിൽ കിട്ടിയപ്പോഴാണ് അതിന്റെ ആഴമെന്തെന്ന് മനസ്സിലായത്.ഞാനടക്കം ഒരുപാട് പെൺകുട്ടികളുടെ ജീവിതം വഴിയാധാരമാക്കിയതും ഇതേ മുത്വലാഖ് എന്ന ദുർഭൂതമാണ്.എനിക്കുണ്ടായിരുന്ന വിദ്യഭ്യാസവും പ്രതികരണശേഷിയും തച്ചുടക്കാൻ ശേഷിയുള്ളതായിരുന്നു ഈ അലിഖിത നിയമം.വളച്ചൊടിക്കപ്പെടുന്ന ഓരോ നിയമവും നഷ്ടപ്പെടുത്തുന്നത് നിഷ്കളങ്കരായ ഒരുപാട് പേരുടെ ജീവിതമാണ്.ഇക്കഴിഞ്ഞൊരു പെരുന്നാളിൽ പുത്തനുടുപ്പിട്ട് സ്വന്തം പിതാവിന്റെ ഇടവും വലവും നിന്ന് ആഘോഷിക്കേണ്ട എന്റെ മക്കൾ പകരം മറ്റാരുടെയോ മക്കളുടെ കൂടെയുള്ളൊരു പിതാവിന്റെ ചിത്രം കണ്ട് കരഞ്ഞതും പെരുന്നാൾ ആഘോഷിക്കാതിരിന്നതുമടക്കം ഒട്ടനവധി വേദനകൾ സമ്മാനിച്ചതും ഇതേ മുത്വലാഖാണ്.എന്റെ അനുഭവം ഒറ്റപ്പെട്ടതല്ല,സമാനമായ അനുഭവങ്ങളുള്ള ഒട്ടനവധി സ്ത്രീകൾ പ്രതികരിക്കാൻ പോലും കഴിയാതെ വേദനകൾ ഉള്ളിലൊതുക്കി കഴിയുന്നുണ്ട്.ഇനിയുമൊട്ടേറെപേർക്കായി വളച്ചൊടിക്കപ്പെട്ട ഈ നിയമം താളുകളിൽ കുറിക്കപ്പെടുന്നുണ്ടാകാം.ഇത്തിരി മഷി ബാക്കി വന്നൊരു പേനയും പാതികീറിയ പേപ്പറും ഇനിയും ഒരുപാട് പേരുടെ ജീവിതം തകർത്തേക്കാം.അത് കൊണ്ട് തന്നെ ചർച്ചകൾ നടക്കേണ്ടത് വക്രീകരിക്കപ്പെട്ട ഈ നിയമത്തിന്റെ സാധൂകരണത്തിന് വേണ്ടിയല്ല, മറിച്ച് സമൂഹത്തിൽ നിന്ന് എന്നന്നേക്കുമായി തുടച്ചു നീക്കാനുള്ള ചർച്ചകളാണ് നടക്കേണ്ടത്.അത്ര ലളിതമായി ഈയൊരു ആചാരം വായുവിലിങ്ങനെ കറങ്ങി നടക്കാനുള്ള സാഹചര്യം ഇനിയുണ്ടാകരുത്.നീതി എല്ലാവര്ക്കും തുല്യമാണ്.അതിനെയാണ് നീതി എന്ന് വിളിക്കുന്നതും.അത് കൊണ്ട് തന്നെ എതിർക്കപ്പെടേണ്ടതാണ് ഈ മുത്വലാഖിനെ…