ജയില്‍ ചാടിയ എല്ലാ സിമി പ്രവര്‍ത്തകരെയും വെടിവെച്ചുകൊന്നു
ഭോപ്പാല്‍ : ഭോപ്പാലിൽ ജയിൽ ചാടിയ വിചാരണ തടവുകാരായ എട്ട് സിമി പ്രവർത്തകരെയും ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്ന് പൊലീസ്. ഇന്നു പുലര്‍ച്ചെ ഒരു സുരക്ഷാഗാർഡിനെ കൊലപ്പെടുത്തിയ ശേഷം ജയിൽ ചാടിയവരെയാണ് പോലീസ് കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് ഉന്നതതലഅന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഭോപ്പാലിന്റെ അതിർത്തിഗ്രാമമായ ഈത്ക്കടിയിൽ വച്ചാണ് സംസ്ഥാന പൊലീസും ഭീകരവിരുദ്ധ സ്ക്വാഡുമായുള്ള ഏറ്റുമുട്ടലിൽ 8 പേരെയും കൊല്ലപ്പെട്ടത്. 40 മിനിട്ട് നീണ്ട് വെടിവയ്പിനൊടുവിലാണ് കാടിനുള്ളിൽ ഒളിച്ചിരുന്ന 8 പേരെയും വധിക്കാൻ കഴിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് ഭോപ്പാൽ ജയിലിൽ കഴിഞ്ഞരിരുന്ന വിചാരണതടവുകാരായ 8 സിമി പ്രവർത്തകർ രക്ഷപ്പെട്ടത്. സുരക്ഷ ഉദ്യോഗസ്ഥർ ഡ്യൂട്ടി മാറുന്നതിനിടെ രമാശങ്കർ എന്ന ജയിൽ ഹെഡ്‍വാർഡനെ സ്റ്റീൽ പാത്രത്തിന്റെ അരികുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഇവര്‍ ജയിൽ ചാടിയത്.
മരക്കഷ്ണങ്ങൾ ഉപയോഗിച്ച് മതിലിന് മുകളിൽ കയറിയ ശേഷം ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടി തൂങ്ങിയിറങ്ങിയാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കി.മഹാരാഷ്ട്ര, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ബാങ്ക് കവർച്ച കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ വിവിധകുറ്റങ്ങളിൽ വിചാരണ നേടിരുന്ന ഇവരെ അതീവസുരക്ഷയുള്ള ബി ബ്ലോക്കിലാണ് പാർപ്പിച്ചിരുന്നത്. ജയിലിൽ വലിയ സുരക്ഷാവീഴ്ച ഉണ്ടായെന്നും ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും സംസ്ഥാനസർക്കാർ അറിയിച്ചു. സംഭവത്തെത്തുടർന്ന് 5 ജയിൽ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.ദീപാവലി ആഘോഷത്തിൽ ഭോപ്പാൽ നഗരം മുങ്ങിയ ദിവസമാണ് തടവുകാർ രക്ഷപ്പെടാൻ തെരഞ്ഞെടുത്തത്. തീവ്രവാദികള്‍ക്കായി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു.