അദിതി വധം ; അച്ഛനും രണ്ടാനമ്മയ്ക്കും മൂന്നുവര്‍ഷം കഠിനതടവ്

wefkrevvകോഴിക്കോട് :  വിവാദമായ  അദിതി കൊലപാതകക്കേസില്‍ അദിതിയുടെ അച്ഛനും രണ്ടാനമ്മയ്ക്കും മൂന്ന് വര്‍ഷം കഠിനതടവ്. ഒന്നാം പ്രതിയായ അദിതിയുടെ അച്ഛൻ ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിച്ച തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയും രണ്ടാംഭാര്യയായ റംല എന്ന ദേവിക അന്തർജനത്തിനുമാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തടവുശിക്ഷ വിധിച്ചത്.  ഇതിന് പുറമെ ഒന്നാംപ്രതിയായ സുബ്രമണ്യൻ നമ്പൂതിരിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക അദിതിയുടെ സഹോദരന് നൽകണമെന്നും കോടതി വ്യക്തമാക്കി.പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കേണ്ടിവരും. ആര്‍ട്ടിക്കിള്‍ 323, 324 വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് 23ാം വകുപ്പും പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നിരീക്ഷിച്ചത്. ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിച്ച തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അതിദിയെ  2013 ഏപ്രില്‍ 29ന് അച്ഛനും രണ്ടാനമ്മയും ചേർന്ന് പീഡിപ്പിച്ച്  കൊന്നതായാണ് കേസ്. ബിലാത്തിക്കൂളം ബി.ഇ.എം യു.പി.സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു അദിതി. അപസ്മാര ബാധയെത്തുടര്‍ന്നാണ് അദിതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ കുട്ടി മരിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ അദിതിക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലാക്കിയ ഡോക്ടറാണ് വിവരം പോലീസിനെ അറിയിച്ചത്. മരിക്കുന്നതിനു മുന്‍പ് കുട്ടിക്ക് ആഹാരം നല്‍കിയിട്ട് ദിവസങ്ങളായിരുന്നു. പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടില്‍ ഇതു തെളിഞ്ഞതുമാണ്. പട്ടിണിക്കിട്ട് അവശനിലയിലായ പെണ്‍കുട്ടിയുടെ അരക്കുതാഴെ പൊള്ളിയ നിലയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് കൊലക്കുറ്റം തെളിയിക്കാനായില്ല. അദിതിയുടെ സഹോദരന്‍ അരുണ്‍ ആയിരുന്നു കേസിലെ ഒന്നാം സാക്ഷി. അദിതിയുടെ സഹോദരന്‍ അരുണിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന ആരോപണവും തെളിയിക്കാന്‍ കഴിഞ്ഞില്ല. ബന്ധുക്കളും അയല്‍ക്കാരുമടക്കം 45 ഓളം സാക്ഷികള്‍ കേസിലുണ്ടായിരുന്നു.