സിനിമാ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത ; സിനിമകള്‍ ഇനി കത്രികവീഴാതെ കാണാം ; സെന്‍സര്‍ നിയമങ്ങള്‍ പരിഷ്ക്കരിച്ചു
രാജ്യത്തെ സിനിമാ പ്രേമികളുടെ ഏറ്റവുംവലിയ പരാതിയായിരുന്നു സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമുറിക്കുന്നു എന്നത്. വൈയലന്‍സ്, സെക്സ് എന്നിങ്ങനെ തരംതിരിച്ച് പല മികച്ച ചിത്രങ്ങളും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിട്ടുണ്ട്. കഷ്ട്ടപ്പെട്ട് സിനിമ പിടിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ മുന്‍പില്‍ കൊണ്ട് വെച്ച ശേഷം കേസും കോടതിയുമായി നടക്കുന്ന ധാരാളം സിനിമാക്കാര്‍ നമ്മുടെ ഇടയിലുണ്ട്. എന്നാല്‍ ഇനി അങ്ങനെയുള്ള നൂലാമാലകള്‍ ഒന്നും ഉണ്ടാകില്ല എന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ശ്യാം ബെനഗല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗീകരിച്ചതോടെയാണ് സിനിമാ സര്‍ട്ടിഫിക്കേഷന് പുതിയ രീതി നിലവില്‍ വരുവാന്‍ പോകുന്നത്. ചലച്ചിത്രങ്ങളെ യു, യുഎ, എ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി വര്‍ഗ്ഗീകരിക്കുന്ന രീതിയ്ക്കു പകരം, സിനിമയുടെ ഉള്ളടക്കത്തിനനുസരിച്ച് കൂടുതല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തുവാനാണ് സമിതി നിര്‍ദേശിച്ചിരിക്കുന്നത്. യു, യുഎ എന്നീ വിഭാഗങ്ങള്‍ യുഎ 12 പ്ലസ്, യുഎ 15 പ്ലസ് എന്നിങ്ങനെ വര്‍ഗ്ഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. കൂടുതല്‍ ലൈംഗിക ഉള്ളടക്കമുള്ള ചിത്രങ്ങള്‍ എ, എ/സി (അഡള്‍ട്ട് വിത്ത് കോഷന്‍) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായും സര്‍ട്ടിഫിക്കറ്റ് നല്‍കണം. പച്ചയായ ലൈംഗിക രംഗങ്ങളായിരിക്കില്ല എ/സി വിഭാഗത്തിലുണ്ടാവുക. പ്രകടമായ ലൈംഗിക രംഗങ്ങളും നഗ്നതയും കാണിക്കുന്ന ചിത്രങ്ങള്‍ക്കാണ് എ/സി സര്‍ട്ടിഫിക്കറ്റ് നല്‍കണം. പുതിയ തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ഏതെല്ലാം ചിത്രങ്ങള്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യണം എന്ന കാര്യത്തിലും അവ്യക്തതയാണുള്ളത്. നിലവില്‍ ദൂരദര്‍ശന്‍ യു സര്‍ട്ടിഫിക്കേറ്റ് ചിത്രങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. സ്വകാര്യ ചാനലുകളാവട്ടെ എയു സര്‍ട്ടിഫിക്കറ്റുള്ള ചിത്രങ്ങളും സംപ്രേഷണം ചെയ്യുന്നുണ്ട്.