വന്‍ തിരക്ക് ; നോട്ട് മാറിയെടുക്കാന്‍ എത്തിയ രണ്ടുപേര്‍ മരിച്ചു
നോട്ടുകള്‍ മാറി എടുക്കുവാനുള്ള തിരക്കിനിടയില്‍ കേരളത്തില്‍ രണ്ടു പേര്‍ മരിച്ചു. തലശേരിയിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ കെ.കെ ഉണ്ണി (48) കെട്ടിടത്തിൽ നിന്നും വീണും ഹരിപ്പാട് കാർത്തികേയൻ (72) ക്യൂവിൽ നിന്ന് കുഴഞ്ഞു വീണുമാണ് മരിച്ചത്. മരിച്ച ഉണ്ണി പിണറായി സബ്സ്റ്റേഷനിലെ ഒാവർസിയർ ആണ്. നോട്ടുമാറ്റാൻ തലശേരി എസ്.ബി.ടി ബാങ്ക് ശാഖയിലെത്തിയ ഇയാൾ അപേക്ഷ പൂരിപ്പിച്ച് തിരിയുന്നതിനിടെ ഒന്നാംനിലയിൽ നിന്നും വീഴുകയായിരുന്നു. ഇൗ ഭാഗത്ത് കൈവരി ഉണ്ടായിരുന്നില്ല. അതേസമയം ഉണ്ണിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ നേരത്തേ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പോലീസ് പറയുന്നു. ഹരിപ്പാട് ഡാണാപ്പടി എസ്.ബി.ടി ശാഖയിൽ ക്യൂവിൽ നിൽക്കുകയായിരുന്നു കുമാരപുരം കൊത്തപ്പള്ളി തഴുതിയിൽ കാർത്തികേയൻ. രാവിലെ മുതൽ ക്യൂവിൽ നിന്ന കാർത്തികേയൻ ബാങ്കിനകത്ത് എത്തിയപ്പോഴാണ് 12 മണിയോടെ കുഴഞ്ഞുവീണ് മരിച്ചത്.