നോട്ട് ക്ഷാമത്തിന് അറുതി ; പുതിയ 500 രൂപാ നോട്ടുകള്‍ ഉടന്‍ വിപണിയില്‍ എത്തും
ന്യൂഡല്‍ഹി : കയ്യില്‍ പണം ഇല്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ആശ്വാസമായി പുതിയ 500 രൂപാ നോട്ടുകള്‍ ഉടന്‍ വിപണിയില്‍ എത്തുമെന്ന് വാര്‍ത്തകള്‍. നാസികിലെ കറന്‍സി നോട്ട് പ്രസില്‍ (സി.എന്‍.പി) നിന്നും 500 രൂപയുടെ ആദ്യ ഗഡു റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തി. 500 രൂപയുടെ 50 ലക്ഷം നോട്ടുകളാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന് കൈമാറിയത്. അടുത്ത ഗഡുവായി 50 ലക്ഷം നോട്ടുകള്‍ കൂടി ബുധാനാഴ്ചയോടെ കൈമാറുമെന്നാണ് വിവരം. റിസര്‍വ് ബാങ്കിലെത്തിയ പുതിയ 500 രൂപ നോട്ടുകള്‍ പരിശോധനകള്‍ക്ക് ശേഷം ഉടന്‍ തന്നെ ബാങ്കുകളിലേക്കെത്തുമെന്നാണ് സൂചന. 500 രൂപ നോട്ട് എത്തിയാല്‍ ഇപ്പോഴുള്ള പ്രതിസന്ധി ഏറെക്കുറെ ഇല്ലാതാകും. വിപണയില്‍ നിന്ന് പിന്‍വലിച്ച 1000,500 നോട്ടുകള്‍ക്ക് പകരം പുതിയ 2000 രൂപ നോട്ടുകളാണ് ബാങ്കുകള്‍ വിതരണം ചെയ്തിരുന്നത്. ഇത് വിപണയില്‍ ചില്ലറ ക്ഷാമം രൂക്ഷമാക്കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ സി.എന്‍.പി 40 കോടി 500 രൂപ നോട്ടുകള്‍ അടിച്ചിറക്കാനാണ് ലക്ഷ്യമിടുന്നത്.