പഴയനോട്ടുകളുടെ ഉപയോഗം 24 വരെയാക്കി ; എ.ടി.എമ്മിൽ നിന്ന് പുതിയ നോട്ടുകൾ നാളെമുതൽ
ന്യൂഡൽഹി : അവശ്യ സർവീസുകൾക്ക് പഴയ നോട്ടുകൾ നവംബര്‍ 24 വരെ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വരുന്ന 24 വരെ സർക്കാർ ആശുപത്രികളിലും, പെട്രോൾ പന്പുകളിലും പഴയ നോട്ട് സ്വീകരിക്കും. കൂടാതെ രാജ്യത്തെ എ.ടി.എമ്മുകളിൽ പുതിയ നോട്ടുകൾ ലഭിക്കുന്ന തരത്തിൽ പുന:ക്രമീകരിക്കുന്ന നടപടി നാളെ മുതൽ ആരംഭിക്കും. ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. 2,000 രൂപയുടെ നോട്ടുകൾ ആവശ്യത്തിന് ലഭ്യമാണെങ്കിലും സാങ്കേതിക പ്രശ്നം മൂലം ഇപ്പോൾ ഇവ എ.ടി.എമ്മുകളിലൂടെ ലഭ്യമല്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പണ ദൗർലഭ്യത്തിന് അറുതി വരുത്താൻ മൈക്രോ എ.ടി.എമ്മുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തുടനീളം എ.ടി.എം ശൃംഖല വർധിപ്പിക്കും. എ.ടി.എമ്മുകളിൽ പണം നിറക്കുന്ന നടപടി ഊർജിതമാക്കും. പോസ്റ്റ് ഓഫിസുകൾക്ക് കൂടുതൽ പണം അനുവദിക്കുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചു. അതേസമയം ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 20,000ത്തില്‍ നിന്ന് 24,000 ആയി ഉയര്‍ത്തി. ഒരു ദിവസം 10000 എന്ന നിബന്ധന എടുത്തു കളഞ്ഞു. സ്ഥിതി നിരീക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം പണം പിന്‍വലിക്കാനുള്ള ജനങ്ങളുടെ ദുരിതം നാലാ ദിനവും തുടര്‍ന്ന സാഹചര്യത്തിലാണ് ധനമന്ത്രാലയം സ്ഥിതി വിലയിരുത്തിയത്. ബാങ്കിലെത്തി അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിന് ഒരു ദിവസം പരമാവധി 10000 രൂപ എന്ന നിബന്ധന എടുത്തു കളഞ്ഞു. ആഴ്ചയില്‍ ഇത് 20,000 ആയിരുന്നത് 24,000 ആയി ഉയര്‍ത്തി. എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2000 രൂപയില്‍ നിന്ന് 2500 ആയി ഉയര്‍ത്തി. പഴയ നോട്ടുകള്‍ ബാങ്കിലെത്തി മാറാനുള്ള പരിധി ഇതുവരെ 4000 ആയിരുന്നത് 4500 രൂപയായി ഉയര്‍ത്തി.