ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പുപറയണം എന്ന് ശശി തരൂര്‍

shashi_tharo ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പുപറയണം എന്ന്‍ ശശി തരൂര്‍ എം പി. തരൂരിന്‍റെ ഏറ്റവും പുതിയ പുസ്തകമായാ  “ആന്‍ ഏറാ ഓഫ് ഡാര്‍ക്കനാസ്”  (ഇരുട്ടിൻെറ യുഗം)  എന്ന പുസ്തകത്തിലൂടെയാണ് ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പ് പറയണം എന്നതിന്റെ കാര്യകാരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബ്രിട്ടന്‍റെ 200 വർഷത്തെ ഭരണം ഇന്ത്യയെ പുറകോട്ടടിച്ചത് എങ്ങനെയെന്ന് പുസ്തകം  വിശദീകരിക്കുന്നു. തങ്ങൾ വളരെ ത്യാഗശീലരാണെന്നും ഇന്ത്യക്കാരോട് അവർ നിസ്വാർഥതയോടെയാണ് പെരുമാറിയതെന്നുമുള്ള ഒരു മിഥ്യാധാരണ ലോകത്തിന് മുന്നിൽ സൃഷ്ടിക്കാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞു. യഥാർഥത്തിൽ അവർ സ്വാർഥരും തങ്ങളുടെ ലാഭം മാത്രം നോക്കുന്നവരുമായിരുന്നു.  എന്നാൽ നേരെ വിപരീതമായ ഒരു പ്രതീതി സൃഷ്ടിക്കുന്ന കാര്യത്തിൽ അവർ ഗംഭീരമായി വിജയിച്ചു.ബ്രിട്ടീഷുകാരിൽ തന്നെ ഒരു വിഭാഗം പോലും വിശ്വസിച്ചിരുന്നതും ഈ പുറംപൂച്ച് മാത്രമാണ്. അതുകൊണ്ടുതന്നെ തങ്ങൾ ഏതെങ്കിലും രീതിയിൽ അനീതി കാണിച്ചതായോ അതിന് ഇന്ത്യയോട് മാപ്പു പറയേണ്ടതുണ്ടെന്നോ പലരും വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ വീക്ഷണങ്ങൾ ഉൾക്കൊണ്ട ഇന്ത്യൻ സമ്മേഴ്സ്, ദ ജുവൽ ഇൻ ദ ക്രൗൺ തുടങ്ങിയ പുസ്തകങ്ങൾ ടെലിവിഷനിലെത്തിയപ്പോൾ ബ്രിട്ടീഷുകാരുടെ വീക്ഷണത്തിലൂടെ മാത്രം പ്രശ്നങ്ങളെ വ്യാഖ്യാനിക്കുന്നവയായി മാറി. ഇതുമൂലം ബ്രിട്ടനിലെ പുതിയ തലമുറയും തങ്ങൾ തെറ്റുകാരാണെന്ന് വിശ്വസിക്കുന്നില്ല.  മാറിവരുന്ന ബ്രിട്ടീഷ് സർക്കാരുകൾ എന്തുകൊണ്ട് ഇന്ത്യയോട് മാപ്പു പറയുന്നില്ല എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തരൂർ. പരമ ദരിദ്രമായ ഒരു രാജ്യം എന്നായിരുന്നു ബ്രിട്ടീഷുകാർ മറ്റുള്ളവരുടെ മുന്നിൽ വരച്ചുകാട്ടിയ ഇന്ത്യയെക്കുറിച്ചുള്ള ചിത്രം. ബ്രിട്ടീഷുകാർ ഇവിടെ വരുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. അവർ പോയപ്പോൾ ഏറ്റവും ദരിദ്രമായ രാജ്യമായി ഇന്ത്യ മാറി .ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയാണ് ബ്രിട്ടീഷ് ഭരണം പ്രധാനമായും മോശമായി ബാധിച്ചതെന്ന്  ശശി തരൂർ പറയുന്നു.