മലപ്പുറത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ളാദേശികള്‍ ക്യൂ നില്‍ക്കുന്നു എന്ന് ഒ. രാജഗോപാല്‍

462123-o-rajagopalvന്യൂഡല്‍ഹി : മലപ്പുറത്ത് സഹകരണ ബാങ്കുകളില്‍  കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ളാദേശികള്‍ ക്യൂ നില്‍ക്കുന്നു എന്ന്  ഒ. രാജഗോപാല്‍ എം എല്‍ എ. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ ആരോപിച്ചു. സഹകരണബാങ്കുകളിലെ പണം നിക്ഷേപിച്ച സാധാരണക്കാര്‍ അല്‍പം പ്രയാസം സഹിക്കേണ്ടിവരുമെന്നും വേണ്ടിവന്നാല്‍ ചികിത്സക്ക് കൈ വെട്ടിമാറ്റേണ്ടിവരുമെന്നും രാജഗോപാല്‍ പറഞ്ഞു. കേരളത്തിലെ സഹകരണബാങ്കുകളെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ നടത്തുന്ന സമരത്തെയും രാജഗോപല്‍ വിമര്‍ശിച്ചു. കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് പണവിനിമയത്തിനുള്ള അധികാരം നല്‍കാന്‍ കഴിയില്ലെന്ന്  രാജഗോപാല്‍ അഭിപ്രായപ്പെട്ടു. കേരളത്തിലേക്ക് രണ്ട് കണ്ടെയ്നര്‍ കള്ളപ്പണം വന്നിരുന്നുവെന്ന്  വി.എസ്. അച്യുതാനന്ദന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അതെവിടെപ്പോയെന്ന് കണ്ടത്തെണമെന്നും രാജഗോപാല്‍ തുടര്‍ന്നു. അതേസമയം സഹകരണബാങ്കിലെ കള്ളപ്പണത്തിന് പല ബാങ്കുകളും ഭരിക്കുന്ന ബി.ജെ.പിയുടെ പക്കല്‍ തെളിവുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയാണ് പറഞ്ഞുകേള്‍ക്കുന്നത് എന്നായിരുന്നു ഒ. രാജഗോപാലിന്‍െറ മറുപടി.