രൂപയുടെ മൂല്യം കൂപ്പുകുത്തി ; പ്രവാസികള്‍ക്ക് അനുഗ്രഹമായി

dollar-rupee33fനിരോധനത്തിന് പിന്നാലെ ഡോളറിന് മുന്‍പില്‍ രൂപ തകര്‍ന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കാണ്  കൂപ്പുകുത്തിയത്. 68.13 ആണ് ഡോളറിനെതിരെ നിലവില്‍ രൂപയുടെ മൂല്യം.  പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.   യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെതുടര്‍ന്നാണ് ഡോളര്‍ കരുത്താര്‍ജിച്ചത്.  ഇതേതുടര്‍ന്ന് ഏഷ്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലായി.  അതേസമയം  ഡോളര്‍ കരുത്താര്‍ജിച്ചതോടെ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് അനുഗ്രഹമായി. മൂന്നു ദിവസമായി തുടരുന്ന വിലയിടിവില്‍ ഗള്‍ഫ് കറന്‍സികള്‍ ഉള്‍പ്പെടെയള്ളവക്ക് രൂപയുമായി നല്ല വിനിമയ മൂല്യമാണ് ലഭിക്കുന്നത്. ഇന്ന് ഒരു ദിര്‍ഹത്തിന് 18.49 രൂപ വരെ ലഭിച്ചു. അതേസമയം നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പ്രവാസികള്‍ക്കിടയിലെ ആശയകുഴപ്പം ഇപ്പോഴും തുടരുകയാണ്. തങ്ങളുടെ പക്കലുള്ള 500, 1000 രൂപാ നോട്ടുകള്‍ എങ്ങനെ മാറിയെടുക്കുമെന്നതാണ് പ്രധാന പ്രശ്നം. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയാല്‍ ഡോളറിന് ഇടിവുണ്ടാകുമെന്നും ഇത് രൂപയുടെ മൂല്യം ശക്തിപ്പെടുത്തുമെന്നുമായിരുന്നു ഫലം വരുന്നത് വരെയുള്ള പ്രവചനം. എന്നാല്‍ ഡോളര്‍ ഒഴികെയുള്ള എല്ലാ കറന്‍സികളുടെയും മൂല്യം ഇടിയുകയായിരുന്നു. കൈയ്യിലുള്ള പണം അന്നുതന്നെ നാട്ടിലേക്ക് അയച്ചവര്‍ ഇപ്പോള്‍ നിരാശരാണ്. ഒരു ദിര്‍ഹത്തിന് 30 പൈസയിലേറെയാണ് അവര്‍ക്ക് നഷ്ടമുണ്ടായത്.