ഇടുക്കിയില്‍ റോഡരുകില്‍ ഉപേക്ഷിച്ചത് 2.58 ലക്ഷം രൂപ
തൊടുപുഴ : നോട്ട് നിരോധനം നടപ്പിലായപ്പോള്‍ ഏറ്റവും കൂടുതല്‍ പണികിട്ടിയത് കള്ളനോട്ട് മാഫിയയ്ക്കാണ്. സര്‍ക്കാരിനെയും ജനങ്ങളെയും രാജ്യത്തെയും പറ്റിക്കുവാന്‍ വേണ്ടി കള്ളനോട്ട് അടിച്ചു തയ്യാറാക്കി വെച്ചിരുന്നവര്‍ എല്ലാംതന്നെ ഇനി അതൊക്കെ എന്ത് ചെയ്യണം എന്ന ആലോചനയിലായിരിക്കും. കള്ളനോട്ടുകള്‍ കത്തിച്ചെന്നും ഓടകളില്‍ ഒഴുക്കി കളഞ്ഞെന്നുമുള്ള വാര്‍ത്തകള്‍ രാജ്യത്തെ പല ഇടങ്ങളില്‍ നിന്നും ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി ഇടുക്കിയില്‍ നിന്നാണ് കള്ളനോട്ടു വാര്‍ത്ത വന്നിരിക്കുന്നത്.ഇടുക്കി പീരുമേട് കുട്ടിക്കാനത്ത് 2.58 ലക്ഷം രൂപയുടെ നോട്ടുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന്‍ നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കള്ളനോട്ടാണ് എന്ന് തിരിച്ചറിയുന്നത്. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്തെ മാലിന്യ കൂമ്പാരത്തിലാണ് കള്ളനോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആയിരം രൂപ നോട്ടുകളാണ് ചെറു കെട്ടുകളാക്കി ഉപേക്ഷിച്ചത്. യഥാര്‍ഥ നോട്ടുകളെ അപേക്ഷിച്ച് വ്യാജനോട്ടുകള്‍ക്ക് കട്ടി കൂടുതലുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിഎന്‍ സജിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്.