വീണ്ടും ഐ സി എസ് ക്രൂരത ; 80 ഷിയാക്കളെ കൊലപ്പെടുത്തി
ബാഗ്ദാദ് : ഐ സി എസിന്‍റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്ന പേരില്‍ വാര്‍ത്തകള്‍ വരുന്നതിനു പിന്നാലെ തെക്കന്‍ ബാഗ്ദാദില്‍ ഷിയ തീര്‍ത്ഥാടകര്‍ക്ക് നേരെ ഐ സി എസ് നടത്തിയ ഭീകരാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. നാല്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബാഗ്ദാദിലെ ഹില്ലയിലാണ് ആക്രമണമുണ്ടായത്. തീര്‍ത്ഥാടക സംഘം ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലും അടുത്തുള്ള പെട്രോള്‍ പമ്പു ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കര്‍ബാലയില്‍ മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം മടങ്ങുകയായിരുന്ന സംഘമാണ് മരിച്ചത്. മരിച്ചവരിലേറെയും ഇറാന്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശികളാണ്. നാല് ബസ്സുകളിലായെത്തിയ തീര്‍ത്ഥാടക സംഘം ഇന്ധനം നിറയ്ക്കുന്നതിനായി പെട്രോള്‍ പമ്പില്‍ നിര്‍ത്തിയ സമയത്താണ് ആക്രമണമുണ്ടായത്. അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കിലെത്തിയ അക്രമികള്‍ സ്‌ഫോടനം നടത്തിയെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. വടക്കന്‍ ഇറാഖിലും മൊസൂളിലും ഇറാഖി സൈന്യം ഐഎസിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ആക്രമണത്തിന്റെ ഉദ്ദേശമെന്നാണ് പൊലീസ് കരുതുന്നത്. മൊസ്യൂള്‍ നഗരം ഐസിസില്‍ നിന്ന് പിടിച്ചെടുക്കാന്‍ സൈനിക നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഐസിസ് പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍ വരുന്നതിനു പിന്നാലെയാണ് ഈ കൂട്ടകുരുതിയുടെ വാര്‍ത്തയും പുറത്തുവരുന്നത്.