മാതാ പിതാ ഗുരു ദൈവം; ഗുരുവിന് തെറ്റിയാല്‍ അടിമുടി തെറ്റും
മാതാ പിതാ ഗുരു ദൈവം. അക്ഷരങ്ങളുടെയും അറിവിന്റെയും ചക്രവാള സീമകളിലേക്ക് ദൈവദൂതരായി കുട്ടികളെ കൈപിടിച്ചുയര്‍ത്തേണ്ട ഗുരുക്കന്‍മാര്‍ക്ക് എന്താണ് സംഭവിക്കുന്നത്. ഓരോ ദിനവും പത്രത്താളുകളിലും ദൃശ്യമാധ്യമങ്ങളിലും അധ്യാപകരെ കുറിച്ച് നിറയുന്ന വാര്‍ത്തകള്‍ അത്ര ശോഭനമല്ല. വിദ്യാര്‍ഥികളെ അധ്യാപകന്‍ ലൈംഗീകമായി പീഡിപ്പിച്ചു. സഹപാഠിയോട് സംസാരിച്ചതിന് കുട്ടിയെ പട്ടിക്കൂട്ടിലടച്ചു. യൂണിഫോം അണിയാത്തതിന് ശുചിമുറി തുടപ്പിച്ചു. നല്ല ഗുരുക്കന്‍മാരുടെ മനസ് എവിടെ നഷ്ടപ്പെട്ടു. പീഡകരായി അധ്യാപകര്‍ മാറുമ്പോള്‍ നഷ്ടമാവുന്നത് നല്ല പൗരന്‍മാരെ വാര്‍ത്തെടുക്കാനുള്ള കലാലയങ്ങളുടെ ശോഭയാണ്.
അറിവിന്റെ വിഹായസിലേക്ക് കൈപിടിച്ചു നടത്തേണ്ട കൈകള്‍ താഡകരുടെയും പീഡകരുടെതുമാകുമ്പോള്‍ നാളെയുടെ പൗരന്‍മാര്‍ വഴി തെറ്റിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ. എല്ലാ അധ്യാപകരും ഇങ്ങനെയാണന്നല്ല പറയുന്നത്. സ്‌നേഹത്തിന്റെ നിറകുടങ്ങളായ കരുണയുടെ ആള്‍രൂപങ്ങളായ മഹാമനസിന്‍ ഉടമകളായ ഗുരുക്കന്‍മാര്‍ കലാലയങ്ങളിലുണ്ട്. ആ മഹാരഥരുടെ പേരുകള്‍ പോലും ചീത്തയാക്കുന്ന തലത്തിലേക്ക് പീഡകരായ അധ്യാപകര്‍ മാറുകയാണ്.
അധ്യാപക സമൂഹത്തില്‍ അരുതാത്ത പ്രവണതകളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് അധിക കാലമായിട്ടില്ലെന്ന് തന്നെ പറയാം. ക്ലാസ് മുറികളിലെത്തി വിദ്യയുടെ വാതയാനങ്ങള്‍ തുറക്കുന്ന അധ്യാപകര്‍ ഇന്ന് അന്യമായി കൊണ്ടിരിക്കുന്നു. കൊടപിടിക്കാനും സ്വന്തം അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനുമായി മാത്രം സമയം കണ്ടെത്തുന്ന അധ്യാപകര്‍ ഇന്ന് ഏറെയാണ്. സ്വന്തം അവകാശം മാത്രം ലക്ഷ്യം വെയ്ക്കുമ്പോള്‍ വിദ്യാര്‍ഥിയുടെ അവകാശം ചവിട്ടിമെതിക്കപ്പെടുകയാണ്.
ക്ലാസുകളില്‍ പഠിക്കാതെയും ഹോം വര്‍ക്കുള്‍ ചെയ്യാതെയും കുസൃതിക്കാട്ടുകയും ചെയ്യുന്ന കുട്ടികളെ അധ്യാപകര്‍ തല്ലുമായിരുന്നു. ആ ശിക്ഷയെ ശിക്ഷണമായും തലോടലായും മാത്രമേ ശിഷ്യര്‍ കണ്ടിരുന്നുള്ളൂ. ആ അധ്യാപകരോട് ഇന്നും സ്‌നേഹം കാത്തു സൂക്ഷിക്കുന്ന കുട്ടികളുണ്ട്. മുതിര്‍ന്നിട്ടും അവര്‍ ഇന്നും ആ നല്ല ഗുരുക്കന്‍മാരുടെ പ്രിയ ശിഷ്യര്‍ തന്നെ. വര്‍ത്തമാന കാലത്ത് അധ്യാപകന്റെ അല്ലെങ്കില്‍ അധ്യാപികയുടെ നല്ല മനസ് എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു.
ജാതിയും കീഴ്ജാതിയും മതവും നിറവും നോക്കി ശിഷ്യരെ കാണുന്ന അധ്യാപകര്‍ പ്രബുദ്ധത നടിക്കുന്ന കേരളത്തിന് അപമാനമായിരിക്കുന്നു. കറുത്ത നിറമായതിന്റെ പേരില്‍ ദലിത് വിദ്യാര്‍ഥിനിക്ക് ഹോസ്റ്റലില്‍ ഭക്ഷണം നിഷേധിക്കുന്നിടത്ത് അധ്യാപകരുടെ ഇടപെടല്‍ എത്തി നില്‍ക്കുന്നു. സ്വന്തം കൈയിലെ പണം മുടക്കി വിശന്നിരിക്കുന്ന ശിഷ്യര്‍ക്ക് ഉച്ചഭക്ഷണം വാങ്ങി നല്‍കുകയും തന്റെ ഭക്ഷണത്തിന്റെ മുക്കാല്‍ പങ്കും പകുത്ത് നല്‍കി പാതി വയറുമായി ക്ലാസെടുക്കകുയും ചെയ്യുന്ന എത്രയോ അധ്യാപര്‍ ഇന്നും വെളിച്ചമായി നമുക്ക് മുന്നിലുണ്ട്. അവരുടെ മേല്‍ പോലും കരിനിഴല്‍ വീഴ്ചത്തുന്ന അധ്യാപക വേഷമണിഞ്ഞ ചെകുത്താന്‍മാരും യക്ഷികളുമായി ചിലരെങ്കിലും മാറുന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമായി തീര്‍ന്നിരിക്കുന്നു.
നമ്മുടെ അധ്യാപക സമൂഹത്തിന് കൈമോശം വന്നു കൊണ്ടിരിക്കുന്ന നല്ല മനസിനെ തിരിച്ചു പിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നല്ല ശിക്ഷണവും സ്‌നേഹവും പകര്‍ന്നു നല്‍കുന്ന പഴയ കാലത്തേക്ക് അധ്യാപകര്‍ തിരിച്ചു പോയെ മതിയാവൂ. നാളെകളുടെ നല്ല പൗരന്‍മാരെ സൃഷ്ടിച്ചെടുക്കാന്‍ അധ്യാപക സമൂഹത്തിന്റെ ശിക്ഷണമില്ലാതെ കഴിയില്ല. അധ്യാപക വൃത്തിയുടെ മഹത്വം തിരിച്ചറിഞ്ഞ് തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്ന ഗുരുക്കന്‍മാര്‍ സ്വയം തിരിച്ചറിവിന് തയ്യാറായേ മതിയാവൂ. നിങ്ങള്‍ അറിവിന്റെ വെളിച്ചം വീശുന്ന ദൈവ ദൂതരാണ്. നിങ്ങള്‍ വഴിതെറ്റി നടന്നാല്‍ വിദ്യാര്‍ഥി സമൂഹവും വഴി തെറ്റും. സമൂഹം വഴി തെറ്റിയില്‍ നാടു വഴി തെറ്റും. നാട് വഴിതെറ്റിയാല്‍ രാജ്യം തന്നെ വഴി തെറ്റും. നല്ല വിതയിട്ട് നല്ലത് കൊയ്‌തെടുക്കാം…