മലയാളിക്ക് ആവശ്യമോ ഇങ്ങനൊരു ഷോ


60 ക്യാമറ കണ്ണുകളുമായി മലയാളത്തിന്റെ മഹാനടനൊപ്പം അടച്ചിട്ട മുറികളിലെ 16 വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങളിലേക്ക് ഏഷ്യാനെറ്റ് എന്ന എന്റര്‍ടൈന്‍മെന്റ് ചാനല്‍ ഇന്ന് മിഴി തുറക്കുമ്പോള്‍ മലയാളി പ്രേക്ഷകര്‍ ഇതാഗ്രഹിക്കുന്നുവോ എന്നതാണ് ഇവിടുത്തെ വലിയ ചോദ്യം. മലയാളി ഹൗസ് എന്നപേരില്‍ സൂര്യ ടി.വി.യില്‍ ഇതേ പരിപാടി അവതരിപിക്കപ്പെട്ടപ്പോള്‍ അതില്‍ പങ്കെടുത്ത പലരും പിന്നീട് പുറത്തിറങ്ങി പറഞ്ഞത് ഷോയില്‍ പങ്കെടുത്തത് അവരുടെ ജീവിതത്തിലെ തെറ്റായ തീരുമാനമായി പോയെന്നതാണ്. അന്ന് ഷോ യെ അതിനിശിതമായി വിമര്‍ശിച്ച പലരും ഇന്ന് മൗനത്തിലാണ്, കാരണം ഇതവതരിപ്പിക്കുന്നത് കേരളത്തിലെ ഏറ്റവും കൂടുതല്‍ ആരാധക ബലമുള്ള മോഹന്‍ലാല്‍ എന്ന നടനാണ്. ഈ ഷോയെ കുറിച്ച് എന്തെങ്കിലുമൊരു വിമര്‍ശനം നടത്താന്‍ ആരെങ്കിലും മുന്നോട്ട് വരുകയാണെങ്കില്‍ അവര്‍ മോഹന്‍ലാല്‍ ആരാധകരുടെ ആരാധനയും ഒന്ന് വിലയിരുത്തിയിട്ട് ശ്രമം നടത്തേണ്ടുന്നതായി വരും, അതാണ് ഏഷ്യാനെറ്റെന്ന കച്ചവട ഭീമന്റെ കച്ചവട തന്ത്രം.

മലയാളി ഹൗസും, ബിഗ്ബോസ്സും:

‘എന്റാമോള്‍ ഷൈന്‍ ഇന്ത്യ’ എന്ന കമ്പനി ഏഷ്യാനെറ്റുമായി ചേര്‍ന്ന് ബിഗ്ബോസ്സ് പ്രേഷകരിലെത്തിക്കുമ്പോള്‍, ‘വേദാര്‍ത്ഥ’ സൂര്യ ടിവിയുമായി ചേര്‍ന്നാണ് മലയാളി ഹൗസ് പ്രേക്ഷകരിലെത്തിച്ചത്. മലയാളി ഹൗസ് രണ്ടാം ഭാഗത്തിനായി ശ്രമിച്ചെങ്കിലും എന്റാമോള്‍ നല്‍കിയ പകര്‍പ്പവകാശ കേസിനുമുന്നില്‍ മുട്ടുമടക്കി ‘വേദാര്‍ത്ഥ’ പിന്മാറുകയായിരുന്നു.
ബിഗ്ബോസ് 60 ക്യാമറയുമായി വരുമ്പോള്‍, മലയാളി ഹൗസ് പ്രേക്ഷകര്‍ക്ക് ഇക്കിളി പകര്‍ന്നത് 32 ക്യാമറയുമായിട്ടാണ്. അടച്ചിട്ടമുറികളിലായി 10 ല്‍ കൂടുതല്‍ പേരാണ് രണ്ടു ഷോയിലും മത്സരാര്‍ത്ഥികളായി ഉണ്ടായിരുന്നത്. മത്സരാര്‍ത്ഥികളുടെ സ്വകാര്യ നിമിഷങ്ങളും, അവര്‍ക്ക് നല്‍കുന്ന ടാസ്‌ക്കുമാണ് ചാനലിന്റെ റേറ്റിങ്ങിനായി എരിവും പുളിയും ചേര്‍ത്ത് അവതരിപ്പിക്കപ്പെടുക. മലയാളി ഹൗസില്‍ ഇടയ്ക്കിടെ ആരെങ്കിലും സന്ദര്‍ശകരായി ചെല്ലുകയായിരുന്നെകില്‍ ബിഗ്ബോസ്സില്‍ മോഹന്‍ലാല്‍ സ്ഥിരം അവതാരകനായി തുടരുകയാണ്. മലയാളി ഹൗസ്സില്‍ പ്രവര്‍ത്തിച്ച ഒരുകൂട്ടം പിന്നണി പ്രവര്‍ത്തകര്‍ തന്നെയാണ് ബിഗ്ബോസിനായും അണിയറയിലുള്ളത്. രണ്ടു പ്രോഗ്രാമിലും ക്രിയേറ്റിവ് ഹെഡായി വരുന്നതും ഒരാള്‍ തന്നെയാണ്

പ്രേക്ഷക സ്വീകാര്യത:
മലയാളി ഹൗസ് മലയാളിക്കുമുന്നില്‍ വതരിപ്പിക്കപ്പെട്ടതിനേക്കാള്‍ പതിന്മടങ്ങ് പ്രചാരണത്തോടെയാണ് ബിഗ്ബോസ് മലയാളത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. മറ്റെന്തിനേക്കാളും ഇത് ഒരു മോഹന്‍ലാല്‍ ഷോ എന്നതാണ് പ്രാധാന്യം. മലയാളി ഹൗസ് ടിവി സംപ്രേഷണത്തില്‍ ഏറെ പഴികേട്ടെങ്കിലും ഇന്റര്‍നെറ്റിലെ വലിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ബിഗ് ബോസ്സിന് കഴിയുമായിരിക്കും. ഇങ്ങനെ പറയാന്‍ കാരണം മലയാളി ഹൗസ് കുടുംബ പ്രേക്ഷകര്‍ തള്ളികളഞ്ഞെന്ന വാദമുണ്ടായെങ്കിലും സോഷ്യല്‍ മീഡിയയിലും യൂട്യൂബിലൂടെയുമുള്ള വ്യൂവര്‍ഷിപ്പുമാണ് നടക്കാതെ പോയെങ്കിലും മലയാളി ഹൗസ് രണ്ടാം ഭാഗത്തിനുള്ള ശ്രമങ്ങള്‍ക്ക് കാരണമായത്.

കുടുംബ പ്രേക്ഷകര്‍ ടി.വിക്ക് മുന്നില്‍ കൂടുതലും ചിലവഴിക്കുന്ന സമയത്തെ ഒഴിവാക്കിയാണ് ബിഗ്ബോസ് അവതരിപ്പിക്കപ്പെടുന്നത്. എത്രയൊക്കെ പഴുതടച്ചെന്ന് പറഞ്ഞാലും പ്രേക്ഷകരില്‍ ആകാംഷ ജനിപ്പിച്ച് ഷോ മുന്നോട്ട് കൊണ്ടുപോകാന്‍ വിട്ട് വീഴ്ചകള്‍ അനിവാര്യമായി വരും. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഭാരത സംസ്‌കാരവും, കേരളീയ സംസ്‌കാരവും വീണ്ടും ചര്‍ച്ച ചെയ്യപ്പെടും. തമിഴില്‍ കമലഹാസന്‍ അവതാരകനായി ആരംഭിച്ച ബിഗ് ബോസ്സിന്റെ സംപ്രേഷണത്തെ തടയണമെന്ന ആവശ്യവുമായി സാംസ്‌കാരിക സംഘടനകള്‍ അവിടെ പ്രേതിഷേധം ആരംഭിച്ചിരിക്കുകയാണ്. പ്രേതിഷേധത്തിന് കാരണമായത് ഐശ്വര്യ ദത്തയും, ജനനി അയ്യരും ചേര്‍ന്നുള്ള ലിപ് ലോക് സീന്‍ സംപ്രേഷണം ചെയ്തതും. ഇത്തരത്തില്‍ പലതും മലയാളത്തിലും നമുക്ക് പ്രതീക്ഷിക്കാം കാരണം കോടികള്‍ മുതല്‍മുടക്കും, അതേ കോടികള്‍ പരസ്സ്യ വരുമാനമാകേണ്ടുന്നതുമായ ഒരു വലിയ ഷോ തന്നെയാണ് ബിഗ് ബോസ്സ്.

സദാചാരം:
സൂര്യ ടി.വി. മലയാളി ഹൗസ് സംപ്രേഷണം ചെയ്തപ്പോള്‍ സിനിമാല പോലുള്ള ഏഷ്യാനെറ്റ് ഷോകളിലും, ചര്‍ച്ചകളിലുമായി മലയാളിയുടെ സദാചാരം ഏഷ്യാനെറ്റ് ചര്‍ച്ചയാക്കിയിരുന്നു. ബിഗ്ബോസ്സ് എന്ന ഷോ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തവസാനിക്കുന്നത് വരെ ഈ സദാചാര ബോധത്തെ ബോധംകെടുത്തി കിടത്തുമായിരിക്കും.

ലാലിസം. ലാല്‍സലാം മുതലായ ടി.വി ഷോകള്‍ക്ക് ശേഷം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഈ ഷോക്ക് മലയാളികളുടെ സംസ്‌കാരവും, സദാചാരമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.