വടക്കാഞ്ചേരി പീഡനക്കേസിലെ യുവതിക്കും ഭര്‍ത്താവിനുമെതിരെ പരാതിയുമായി മക്കള്‍

vadakkancheri-r  വിവാദമായ വടക്കാഞ്ചേരി പീഡനക്കേസിലെ യുവതിക്കും ഭര്‍ത്താവിനുമെതിരെ  പോലീസില്‍  പരാതിയുമായി  സ്വന്തം  മക്കള്‍ രംഗത്ത്. യുവതിയുടെ പതിനൊന്നും ഒമ്പതും വയസ്സുള്ള  മക്കളാണ് അമ്മയ്ക്കും അച്ഛനും എതിരെ പരാതി നല്‍കിയിരിക്കുന്നത്. തങ്ങളെ ശരീരികമായും മാനസികമായും ഉപദ്രവിക്കുന്നു എന്ന പരാതിയാണ് കുട്ടികള്‍ നല്‍കിയിരിക്കുന്നത്. ചട്ടുകംകൊണ്ട് പൊള്ളിച്ചുവെന്നും ഭക്ഷണം തരാറില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. അച്ഛനും അമ്മയും തമ്മില്‍ എന്നും നടക്കുന്ന ബഹളംമൂലം മനോവിഷമം അനുഭവിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ചൈല്‍ഡ്‌ലൈന്‍ വഴിനല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക പരിശോധനക്കുശേഷം ചൈല്‍ഡ്‌ലൈന്‍ പരാതി മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറുകയായിരുന്നു. പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.  തങ്ങള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കുട്ടികള്‍  പറഞ്ഞതോടെ  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ് കുട്ടികള്‍. പെരിങ്ങണ്ടൂര്‍, കുറാഞ്ചേരി എന്നിവിടങ്ങളില്‍ വാടകക്കു താമസിച്ചപ്പോള്‍ നടന്ന പീഡനങ്ങള്‍ സംബന്ധിച്ചാണ്  കുട്ടികള്‍ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ കുട്ടികളുടെ മുത്തച്ഛനും  മുത്തശ്ശിയും യുവതിക്കും ഭര്‍ത്താവിനും എതിരെ രംഗത്ത് വന്നിരുന്നു. കേസില്‍ യുവതി മുഖ്യമായും ആരോപണം ഉന്നയിച്ചിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ നല്ലവനാണ് എന്നും കാശിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ആളാണ്‌ യുവതി എന്നുമാണ് അവര്‍ അന്ന് ആരോപിച്ചത്.