ആക്സിസ് ബാങ്കില്‍ നിന്നും 100 കോടിയുടെ കള്ളപ്പണം കണ്ടെത്തി ; രാജ്യത്ത് പല ഇടങ്ങളിലും കള്ളപ്പണ വേട്ട
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ വേട്ട അരങ്ങേറുന്നു. ഗുജറാത്തിലെ സൂറത്തിൽ നിന്നും 76 ലക്ഷം രൂപയുടെ പുതിയ 2000ന്‍റെ നോട്ടുകൾ പൊലീസ് പിടിച്ചെടുത്തു. അതുപോലെ ചെന്നൈ, ബംഗ്ലൂര്‍, മുംബൈ ഇങ്ങനെയുള്ള പല വന്‍നഗരങ്ങളിലും ഇത്തരത്തില്‍ പണവും സ്വര്‍ണ്ണവും ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയാണ്. അതിനിടെ ചാന്ദ്‌നി ചൗക്കിലെ ആക്‌സിസ് ബാങ്കില്‍ 44 അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 100 കോടി രൂപയുടെ പഴയ നോട്ടുകള്‍ ആദായനികുതി വകുപ്പ് അധികൃതര്‍ കണ്ടെത്തി. നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിന് ശേഷം പഴയ നോട്ടുകളായി നൂറ് കോടി രൂപയും അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം 450 കോടി രൂപ ബാങ്കില്‍ നിക്ഷേപമായി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണം സ്വര്‍ണ്ണം വാങ്ങുന്നതിനായി മാറ്റിവച്ചിട്ടുള്ളതാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ആക്‌സിസ് ബാങ്കിന്റെ ദില്ലി ബ്രാഞ്ചില്‍ കുറച്ചുദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ റെയ്ഡാണ് വെള്ളിയാഴ്ച നടന്നത്. കഴിഞ്ഞ ദിവസം 3.5 കോടി രൂപ വരുന്ന പഴയ നോട്ടുകളുമായി രണ്ട് പേരെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. സെന്‍ട്രല്‍ ദില്ലിയിലെ കശ്മീരി ഗെയ്റ്റിലുള്ള ആക്‌സിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന പുറത്തുവന്നവരാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. അതുപോലെ ഗുജറാത്തിലെ സൂറത്തിൽ നിന്നും 76 ലക്ഷം രൂപയുടെ പുതിയ 2000ന്‍റെ നോട്ടുകൾ പൊലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിൽ നിന്ന് ഗുജറാത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. കാറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയുൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യമാകെ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. വ്യാഴാഴ്ച രണ്ടായിരം രൂപയുടെ 1,073 നോട്ടുകളുമായി രണ്ടുപേരെ പോര്‍ബന്ദര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ചെന്നൈയില്‍ എട്ടു കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിൽ 106 കോടി രൂപയും 125 കിലോ സ്വർണവും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.