ജമ്മുകാശ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു
തെക്കന്‍ കശ്മീരിലെ പുല്‍വാമയ്ക്കടുത്ത് അരിഹാലില്‍ തീവ്രവാദികൾ ബാങ്ക് കൊള്ളയടിച്ചു. ജമ്മു ആന്റ് കശ്മീര്‍ ബാങ്കാണ് കൊള്ളയടിച്ചത്. തോക്കുകളേന്തി ബാങ്കിലേക്ക് അതിക്രമിച്ച് കടന്ന നാല് പേരാണ് കവര്‍ച്ച നടത്തിയത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.30നായിരുന്നു കവര്‍ച്ച. ബാങ്കിലുണ്ടായിരുന്ന മുഴുവന്‍ തുകയും ഇവര്‍ തട്ടിയെടുത്തു. ആകെ 13.38 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നത്.ഇതില്‍ 11.15 ലക്ഷം പുതിയ നോട്ടുകളായിരുന്നു. ബാങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി മര്‍ദ്ദിക്കുകയും കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. പോലീസില്‍ വിവരമറിയിക്കാതിരിക്കാന്‍ ജീവനക്കാരുടെ ഫോണുകളും ഇവര്‍ പിടിച്ചുവാങ്ങി. അതേസമയം സംസ്ഥാനത്തെ ജമ്മു ആന്റ് കശ്മീര്‍ ബാങ്കിന്റെ മറ്റൊരു ശാഖയിലും ഇതേ ദിവസം കവര്‍ച്ചാ ശ്രമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നോട്ടുനിരോധനത്തിനു ശേഷം ഇത്തരം സംഭവങ്ങള്‍ അവിടങ്ങളില്‍ സ്ഥിരമായി അരങ്ങേറുകയാണ്.