പാക്കിസ്ഥാനെ പറ്റി ഒരക്ഷരം മിണ്ടരുത് ; ഇന്ത്യക്ക് താക്കീതുമായി ചൈന

പാക്കിസ്ഥാന്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ ആരും അവരെ ചാപ്പ കുത്താന്‍ ശ്രമിക്കരുത് എന്നും അങ്ങനെയുള്ളവരെ ശക്തമായി എതിര്‍ക്കുമെന്നും ഇന്ത്യയെ ഉദ്ദേശിച്ചു ചൈനയുടെ താക്കീത്. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ചൈനയുടെ ചിരകാല സുഹൃത്തായ പാകിസ്താനെ പിന്തുണച്ചും ഇന്ത്യയെ കുറ്റപ്പെടുത്തിയുമുള്ള ലേഖനം വന്നിരിക്കുന്നത്. പാകിസ്താനോടുള്ള ഇന്ത്യയുടെ ശത്രുത അവസാനിപ്പിക്കണമെന്നും 46 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ചൈന പാകിസ്താന്‍ വ്യാവസായിക ഇടനാഴിയില്‍ ഇന്ത്യ ചേരണമെന്നും പാകിസ്താനിലെ ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥൻ ലഫ്. ജനറല്‍ റിയാസ് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെ പാകിസ്താന്‍ പട്ടാള ഉദ്യാഗസ്ഥന്റെ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ടാണ് ചൈനയുടെ പ്രതികരണം. ഇന്ത്യ ഒഴിവാക്കാനാവാത്ത ഘടകമാണെന്ന് പാകിസ്താന്‍ കരുതുന്നു എന്നതിനുള്ള അടയാളമാണ് പാകിസ്താന്‍ ജനറലിന്റെ ക്ഷണമെന്നും ചൈനീസ് പത്രം പറയുന്നു.