3600 കോടി രൂപ ചിലവില്‍ മുംബൈയില്‍ കടലിനുനടുക്ക് ശിവജിയുടെ പ്രതിമവരുന്നു ; എതിര്‍പ്പുമായി മത്സ്യതൊഴിലാളികള്‍
മുംബൈ : മുംബൈ തീരത്ത് നിന്ന് ഒന്നരകിലോമറ്റീര്‍ അകലെ അറബിക്കടലില്‍ 3600 കോടി രൂപ ചിലവില്‍ ചത്രപതി ശിവജിയുടെ പ്രതിമ വരുന്നു. സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലപാകി. കൂടാതെ ഹോവര്‍ക്രാഫ്റ്റില്‍ സ്മാരകം സ്ഥാപിക്കുന്ന ഭാഗത്ത് എത്തിയ മോദി ജലപൂജയിലും പങ്കെടുത്തു. രാജ്യത്തെ ഏറ്റവും വലിയ സ്മാരകം മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാരകമാണ് നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഇങ്ങനെയൊരു സ്മാരകത്തിന്റെ നിര്‍മാണം സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. 15 ഹെക് ടര്‍ സ്ഥലത്ത് 210 മീറ്റര്‍ ഉയരമുണ്ടാകും പ്രതിമയ്ക്ക്. മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ വിജയവും പ്രതിമയ്ക്ക് പിന്നില്‍ ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്. അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ വന്‍ തുക ചെലവിട്ട് പ്രതിമ സ്ഥാപിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തങ്ങളുടെ ജീവിതമാര്‍ഗത്തിന് തിരിച്ചടിയാകും പ്രതിമ സ്ഥാപിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.