അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തിരഞ്ഞെടുത്തു

ചെന്നൈ :  എ.ഐ.എ.ഡി.എം.കെ.യുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ ഉറ്റതോഴി വി.കെ ശശികലയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന അണ്ണാ ഡി.എം.കെ എക്സിക്യൂട്ടിവ്-ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പാർട്ടിയുടെ  പുതിയ ജനറൽ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തത്. യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. പാര്‍ട്ടിഭരണഘടന അനുസരിച്ച് തുടര്‍ച്ചയായി അഞ്ച് വര്‍ഷം പാര്‍ട്ടി അംഗമായവര്‍ക്ക് മാത്രമെ ജനറല്‍ സെക്രട്ടറിയാകാന്‍ സാധിക്കുക. ശശികലയെ ജയലളിത  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം 2012 ഏപ്രിലിലാണ് അവര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. അതിനാല്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ച് 2017  ഏപ്രിലില്‍ മാത്രമെ അവര്‍ക്ക് ജനറല്‍ സെക്രട്ടറിയാകാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടാണ് ശശികലയെ തത്ക്കാലം ഇടക്കാല ജനറല്‍ സെക്രട്ടറിയാക്കിയത്.  കാലാവധി പൂര്‍ത്തിയാകുന്ന വേളയില്‍ അവരെ ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന. കൂടാതെ  പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് ജനറല്‍ കൗണ്‍സിലില്‍ അംഗീകാരം വാങ്ങുന്നത് വരെ താൽക്കാലിക നിയമനമാണ് ശശികലയുടേത്. ജയലളിതക്ക് ഭാരതരത്ന പുരസ്കാരം, മാഗ്സസെ അവാർഡ്, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണം, ജയലളിതയുടെ പിറന്നാൾ ദിവസം ദേശീയ കർഷക ദിനമായി പ്രഖ്യാപിക്കണം എന്നതുൾപ്പെടെയുള്ള 14 പ്രമേയങ്ങളും ജനറൽ കൗൺസിൽ യോഗത്തിൽ പാസാക്കി.  അതേസമയം ശശികല ഇന്നത്തെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ല. യോഗശേഷം മുഖ്യമന്ത്രി പനീര്‍ശെല്‍വം പോയസ്ഗാര്‍ഡനിലെത്തി പ്രമേയങ്ങള്‍ ശശികലയ്ക്ക് കൈമാറുകയായിരുന്നു.