നോട്ട് നിരോധനം ; കേരളത്തിന് സമ്മാനിച്ചത് കടുത്ത സാമ്പത്തിക നഷ്ടം
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനം കാരണം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച സംസ്ഥാനം ഒരു പക്ഷെ കേരളമായിരിക്കും. നിരോധനം നിലവില്‍വന്ന് 50 ദിവസം പിന്നിടുമ്പോള്‍ വന്‍ വരുമാന നഷ്‌ടവും കറന്‍സി പ്രതിസന്ധിയും കേരളത്തിനെ ബുദ്ധിമുട്ടിലാക്കി കഴിഞ്ഞു. കേരളത്തിന്‍റെ വരുമാനത്തിലെ മുഖ്യ പങ്കുകളില്‍ ഒന്നായ ബിവറേജസ് കോര്‍പറേഷന്റെ വില്‍പന കണക്കില്‍ പോലും രേഖപ്പെടുത്തിയത് നെഗറ്റീവ് വളര്‍ച്ചയാണ്. അതുകഴിഞ്ഞ വിനോദ സഞ്ചാരമേഖലയിലും നിരോധനം തിരിച്ചടി നല്‍കുന്നു എന്ന് പറയാം. ഡിസംബര്‍ മാസം കേരളത്തില്‍ പുതുവര്‍ഷം ആഘോഷിക്കുവാന്‍ വേണ്ടി എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വന്‍ കുറവ് നേരിടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോഴും സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ 60 ശതമാനം പോലും കറന്‍സി പോലും റിസര്‍വ്വ് ബാങ്കില്‍ നിന്നും ലഭിക്കുന്നുമില്ല. കൈ നഷ്‌ടം വന്നാലും അന്നന്നത്തെ ചെലവു തീര്‍ത്ത് കഷ്‌ടിച്ച് കഴിഞ്ഞു പോകണമെന്ന അടിസ്ഥാന വിഭാഗത്തിന്റെ ചിന്ത സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക്തന്നെ തിരിച്ചടിയായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കയ്യില്‍ കാശില്ലാത്തതിനാല്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നില്ല. വില്‍പന നികുതി ഇനത്തില്‍ മാത്രം ഒന്‍പത് ശതമാനം നെഗറ്റീവ് വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. ഏറ്റവും അധികം വരുമാനമുണ്ടാക്കിയിരുന്ന ബിവറേജസ് കോര്‍പറേഷന്റെ വിറ്റുവരവില്‍ ഒറ്റമാസം കൊണ്ടുണ്ടായത് 27.3 ശതമാനം കുറവുണ്ടായി. എക്‌സൈസ് വകുപ്പിന്റെ ആകെ വരുമാനത്തിലും പ്രതീക്ഷിച്ച വളര്‍ച്ചയില്ല. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വെറും നാല് കോടി രൂപ മാത്രമാണ് കൂടുതല്‍. രജിസ്‍ട്രേഷന്‍ ഇടപാടുകളും വന്‍ നഷ്‌ടത്തിലാണ്. 67,416 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് ഇത്തവണ 14,964 എണ്ണം കുറവ്. ഇതുവഴി ഒറ്റമാസത്തെ നഷ്‌ടം 36 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലോട്ടറി മേഖല രേഖപ്പെടുത്തിയതും അഞ്ച് ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ്. ശമ്പളവും ക്ഷേമ പെന്‍ഷനും അടക്കമുള്ള ചെലവുകള്‍ക്ക് സര്‍ക്കാറിന്റെ കയ്യില്‍ പണമുണ്ടെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ അതിരൂക്ഷമായ കറന്‍സി ക്ഷാമമാണ് സംസ്ഥാനം നേരിടുന്നത്.