എയര്‍ഇന്ത്യയില്‍ കയറി അലമ്പ് കാണിക്കുന്നവര്‍ക്ക് ഇനിമുതല്‍ ജയില്‍വാസവും വിലങ്ങും

ന്യൂഡൽഹി :  എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യുന്ന സമയം   വിമാനത്തിനുള്ളില്‍ മോശമായി പെരുമാറുന്നവര്‍ക്ക്  ഇനിമുതല്‍ ജയില്‍വാസവും വിലങ്ങും. നേരത്തെ രാജ്യാന്തര വിമാന സർവീസുകളിലാണ്​ അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാർക്ക്​  കയ്യാമം വെക്കാൻ തീരുമാനിച്ചിരുന്നത്​. എന്നാൽ അടുത്തിടയായി വിമാനയാത്രികരായ സ്​ത്രീകൾക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ ആഭ്യന്തരസർവീസുകളിലും ഈ  നിർദേശം നടപ്പാക്കാനൊരുങ്ങുകയാണ്​ എയർ ഇന്ത്യ. പ്ലാസ്റ്റിക് കൊണ്ടുള്ള വിലങ്ങുകളാണ് ഇതിനായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.  ‘‘രാജ്യാന്തര– ആഭ്യന്തര വിമാന സർവീസുകളിൽ യാത്രക്കിടെ മോശമായി പെരുമാറുന്നവരെ വിലങ്ങ്​ വെക്കുമെന്നും​ എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും രണ്ടു ജോഡി പളാസ്​റ്റിക്​ കയ്യാമങ്ങൾ സൂക്ഷിക്കുമെന്നും എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനി അറിയിച്ചു. എയർ ഇന്ത്യക്ക്​ യാത്രക്കാരുടെ സുരക്ഷയാണ്​ സർവ്വപ്രധാനം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്​ചക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 2 ന്​ മസ്​കത്ത്​ –ഡൽഹി വിമാനത്തിൽ വെച്ച്​ എയർഹോസ്​റ്റസിനെതിരെയും ഡിസംബർ 21 ന്​ മുംബൈ–ന്യൂയോർക്ക്​ വിമാനത്തിൽ യാത്രക്കാരിക്കു നേരെയും ലൈംഗിക അതിക്രമങ്ങൾ നടന്നിരുന്നു. ഇതിനെയൊക്കെ തുടര്‍ന്നാണ്‌ ഇപ്പോള്‍ ഈ തീരുമാനം .