അരിയാഹാരവും ചോറും കഴിക്കുന്നത് മലയാളി നിര്‍ത്തേണ്ടിവരും ; അരി വില കുതിക്കുന്നു ; ഒന്നും മിണ്ടാതെ സര്‍ക്കാര്‍
കൊച്ചി : അരിവില ഇങ്ങനെ കുതിക്കുകയാണ് എങ്കില്‍ നമ്മള്‍ മലയാളികളുടെ മുഖ്യ ഭക്ഷണ ഇനമായ ചോറും അതുപോലുള്ള അരിയാഹാരങ്ങളും എല്ലാം ഓര്‍മ്മയായി മാറും. സംസ്ഥാനത്ത് അരി വില സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തുകയാണ്. എന്നാല്‍ വിഷയത്തില്‍ ഇടപെടാതെ മൌനം പാലിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ റേഷൻ വിതരണം സുഗമമാകാത്തത് കാരണം റേഷൻവാങ്ങുന്നവരും ഇപ്പോള്‍ പൊതുവിപണിയെയാണ് ആശ്രയിക്കുന്നത്. ഇതുകാരണം അരിക്ക് ക്ഷാമവും നേരിട്ട് തുടങ്ങി എന്നും വാര്‍ത്തകള്‍ ഉണ്ട്. കൊടു വരള്‍ച്ച കാരണം ആന്ധ്രയിലും തമിഴ്നാട്ടിലും ഉല്‍പ്പാദനം കുറഞ്ഞതാണ് അരി വില കൂടാൻ കാരണമായി പറയുന്നത്. കേരളത്തിന്‍റെ ഇഷ്ടബ്രാൻഡായ ജയ അരിയാണ് ചരിത്രത്തിലാദ്യമായി കിലോയ്ക്ക് നാല്‍പ്പതിലേക്കെത്തി. ഒരുമാസം മുൻപ് വില 35 രൂപ. മട്ട അരി കിലോയ്ക്ക് 38 ആയി. ഒരു മാസം മുൻപ് 34 ആയിരുന്നു. സുരേഖ 32 ല്‍ നിന്ന് 37. പൊന്നി 32 ല്‍ നിന്ന് 36.പച്ചരി 29 ല്‍ നിന്ന് 33 എന്നിങ്ങനെയാണ് നമ്മുടെ സംസ്ഥാനത്തെ പുതിയ അരിവില. ആന്ധ്രയില്‍ നിന്ന് അവസാനമായി കേരളത്തിലേക്ക് വാഗണെത്തിയത് കഴിഞ്ഞ സെപ്റ്റംബറില്‍. തമിഴ്നാട്ടില്‍ വരള്‍ച്ച കാരണം അരി ഉല്‍പ്പാദനം കുറഞ്ഞപ്പോള്‍ ആന്ധ്രയെയാണ് ഇപ്പോളവര്‍ ആശ്രയിക്കുന്നത്. ഇത് കാരണം കേരളത്തിലെക്ക് അരിയെത്തുന്നില്ല. അരിക്ക് ഉണ്ടായ ക്ഷാമം കാരണം ബംഗാളില്‍ ഉപയോഗിക്കുന്ന രണ്ടാം തരം ജയ അരിയും കേരളത്തിലെത്തിക്കഴിഞ്ഞു. 28 രൂപയേ ഇതിനുള്ളൂ. ഇതിന് ഗുണമേൻമ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു.