ഇന്ന് അര്‍ദ്ധരാത്രിമുതല്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ല എന്ന് പമ്പുടമകൾ

ന്യൂഡല്‍ഹി : നോട്ടു നിരോധനത്തിന്‍റെ പ്രശ്നങ്ങള്‍ നിലനില്‍ക്കെ കൂനിന്‍മേല്‍ കുരുവായി ഇപ്പോളിതാ പുതിയ ഒരു പ്രശ്നം. പെട്രോൾ പമ്പുകളിൽ ഇന്ന് അർധരാത്രി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുന്നതിനാലാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുവാന്‍ കാരണമെന്ന് അവര്‍ പറയുന്നു. പെട്രോൾ പമ്പുകളിൽ കാർഡ് വഴി വിനിമയം നടത്തുന്നതിന് ഒരു ശതമാനം ഫീസ് ഈടാക്കാനുള്ള ബാങ്കുകളുടെ ധൃതിപിടിച്ചുള്ള നീക്കമാണ് പമ്പുടമകളെ പുതിയ തീരുമാനത്തിലെത്തിച്ചിരിക്കുന്നത്. ബാങ്കുകളുടെ നീക്കത്തെ സംബന്ധിച്ച് തങ്ങൾ അജ്ഞരാണെന്ന് ഡൽഹിയിൽ എണ്ണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചു.  പെട്രോൾ പമ്പ് ഡീലർമാരുമായും ഉടമകളുമായും സംസാരിച്ച് പമ്പുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് വരെ ബാങ്കുകളുടെ നടപടി നിർത്തിവെക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.കറൻസിരഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി കാർഡ് വഴി പെട്രോൾ പമ്പുകളിൽ വിനിമയം നടത്തുന്നവർക്ക് 0.75 ശതമാനം ക്യാഷ് ബാക്ക് ഒാഫർ നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നതിന് പിന്നാലെയാണ് ഇപ്പോള്‍  കാര്‍ഡുകള്‍ തന്നെ സ്വീകരിക്കണ്ട എന്ന തീരുമാനം ഉണ്ടായിരിക്കുന്നത്.  നോട്ടു പ്രതിസന്ധി നിലനില്‍ക്കെ ഇത്തരത്തിലുള്ള ഒരു തീരുമാനം കൂടി നടപ്പിലായാല്‍ പൊതുജനങ്ങൾക്കു വലിയ ആകും ഇത്  ബുദ്ധിമുട്ട് സൃഷ്ടിക്കുക. ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളാണ് തങ്ങളുടെ സർചാർജ് വർധനവ് അറിയിച്ച് ശനിയാഴ്ച രാത്രി പെട്രോൾ ഡീലേഴ്സിന് നോട്ടീസ് നൽകിയത്. രാജ്യത്തുടനീളം 52,000 പെട്രോൾ പമ്പുകളിലെ 60 ശതമാനം പെട്രോൾ പമ്പുകളിലും ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.എഫ്.സി ബാങ്ക് ബാങ്കുകളുടെ കാർഡ് സ്വൈപ്പ് മെഷീനുകൾ ആണ് ഉപയോഗിക്കുന്നത്. തുടർന്ന് ചേർന്ന പെട്രോൾ പമ്പ് ഡീലർ അസോസിയേഷനുകളുടെ അടിയന്തിര യോഗത്തിൽ കാർഡ് സ്വീകരിക്കുന്നത് നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.