ജലദോഷം പൂര്‍ണ്ണമായി അകറ്റാന്‍ പുതിയ വാക്‌സിനുമായി വിയന്ന ഡോക്ടര്‍


മരുന്ന് കഴിച്ചാല്‍ ഏഴു ദിവസമെന്നും ഇല്ലെങ്കില്‍ ഒരാഴ്ച എന്നുമാണ് ജലദോഷം മാറാനുള്ള സമയമെന്നു പൊതുവെ പരിഹസിക്കാറുണ്ട്. അതൊക്കെ ഇനി പഴങ്കഥയാകുമെന്നാണ് കരുതുന്നത്. ജലദോഷം ഉന്മൂലനം ചെയ്യാന്‍ വിയന്നയില്‍ നിന്നുള്ള ഡോക്ടര്‍ പുതിയ വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. വാക്‌സിനു പേറ്റന്റ് ലഭിക്കാനുള്ള നടപടികളും ആരംഭിച്ചു.

മഞ്ഞുകാലത്ത് നിരവധിപേരാണ് ജലദോഷവും ചുമയും തൊണ്ടവേദനയുമൊക്കെയായി കഷ്ടപ്പെടുന്നത്. പുതിയ വാക്‌സിന്‍ ഈ അവസ്ഥയ്ക്ക് അതിശക്തമായ മറുപടിയായിരിക്കുമെന്നാണ് അനുമാനിക്കുന്നത്. വിയന്ന ജനറല്‍ ആശുപത്രിയിലെ 53കാരനായ ഡോ. റുഡോള്‍ഫ് വാലെന്റയും അദ്ദേഹത്തിന്റെ ലാബ് ടീമുമാണ് കണ്ടുപിടുത്തത്തിന് പിന്നില്‍.

രോഗപ്രതിരോധ പ്രതികരണം വൈറസിന്റെ മറ്റ് ഭാഗങ്ങളിലേക്കും നയിക്കുക എന്ന തന്ത്രമാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. വൈറസിന്റെ തെറ്റായ ഭാഗത്താണ് രോഗപ്രതിരോധശേഷി പ്രവര്‍ത്തിക്കുന്നതെന്നു ചെറിയ കുട്ടികളില്‍ അലര്‍ജി റിനിറ്റിസിന്റെ വ്യാപനം പഠിച്ചപ്പോള്‍ അദ്ദേഹത്തിന് മനസിലായി. ഈ തെറ്റ് മനസിലാക്കിയ ഡോക്ടറും സംഘവും പ്രോട്ടീന്‍ ശൃംഖലകളിലേയ്ക്ക് പോകുന്ന ഒരു മറുമരുന്ന് പാകപ്പെടുത്തി പരീക്ഷിക്കുകയായിരുന്നു.

പേറ്റന്റ് രെജിസ്‌ട്രേഷന്‍ ഒക്കെ നടത്തിയിട്ടുണ്ടെങ്കിലും വാക്‌സിനേഷന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ കുറച്ചു സമയംകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.