നിങ്ങള്‍ക്ക് വിഷാദ രോഗം ഉണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ചില വഴികള്‍
മാറിയ കാലത്തു നമ്മളില്‍ ഏറെപേര്‍ക്കും ഇപ്പോള്‍ വിഷാദ രോഗത്തിന്റെ പ്രശ്‌നങ്ങള്‍ കാണാം.
ലോകാരോഗ്യ സംഘടന 2018 ല്‍ പുറത്ത് വിട്ട കണക്ക് പ്രകാരം വിഷാദ രോഗത്തില്‍ ഇന്ത്യയുടെ സ്ഥാനം ആറാമതാണ്. വിഷാദ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറി വരുന്ന ഈ കാലത്ത് നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചെറിയ മാനസിക ഉലച്ചിലുകളെ പോലും സൂക്ഷിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇടയ്ക്കുണ്ടാകുന്ന ചെറിയ സങ്കടങ്ങളോ, മടുപ്പോ ഒന്നുമല്ല വിഷാദ രോഗം എന്ന് അറിയുക. അതുകൊണ്ട് തന്നെ ചെറിയ മൂഡ് ചേഞ്ചസിനെ ഭയക്കേണ്ടതില്ല. അത് സര്‍വസാധാരണമാണ്. ഒരു മനുഷ്യന് എല്ലാ ദിവസവും സന്തോഷം മാത്രം ഉണ്ടാകില്ല എന്ന് ഓര്‍മിക്കുക. എന്നാല്‍ ചില ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങള്‍ രണ്ടാഴ്ച തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍ അതിനര്‍ത്ഥം നിങ്ങള്‍ക്കും വിഷാദരോഗമുണ്ടെന്നാണ്. എന്തെല്ലാമാണ് ഈ ലക്ഷണങ്ങളെന്ന് നോക്കാം.
രാവിലെ മുതല്‍ വൈകീട്ട് വരെ നീണ്ട് നില്‍ക്കുന്ന തുടര്‍ച്ചയായ വിഷാദ ഭാവം. മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന പല കാര്യങ്ങളിലും താത്പര്യമില്ലായ്മ. അകാരണമായ ക്ഷീണം ഇതൊക്കെ ഇതിന്റെ ലക്ഷണങ്ങള്‍ ആണ്. കൂടാതെ ഉറക്കകുറവ്,വിശപ്പില്ലായ്മ,ചിന്തകളുടേയും പ്രവര്‍ത്തിയുടേയും വേഗത കുറവ് ഇതൊക്കെ ലക്ഷണങ്ങള്‍ ആണ്. ഒരു ചോദ്യം ചോദിച്ചാല്‍ മറുപടി പറയാന്‍ കൂടുതല്‍ സമയം എടുക്കുന്നു, ഒരു കാര്യം ചെയ്ത് തീര്‍ക്കാന്‍ സമയമെടുക്കുന്നു എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. അതുപോലെ ഏകാഗ്രത കുറവും വിഷാദ രോഗത്തിന്റെ ലക്ഷ്ണമാണ്. വിഷാദ ചിന്തകള്‍- ജീവിതത്തില്‍ പ്രതീക്ഷയില്ലായ്മ, തന്നെ ആരും സഹായിക്കാനില്ല, ഒറ്റപ്പെട്ട് പോകുന്നു എന്നീ ചിന്തകള്‍ വിഷാദരോഗമുള്ളവരില്‍ കാണപ്പെടുന്നു. അതുപോലെ തന്നെ അനാവശ്യമായ ആത്മഹത്യാ പ്രവണതയും ഒരു ലക്ഷണമാണ്. ഈ ഒന്‍പത് ലക്ഷണങ്ങളില്‍ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ചയായി തുടര്‍ച്ചയായി നിങ്ങളില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ സഹായം തേടണം.