ക്രിസ്ത്യന്‍ സ്വാശ്രയ മാനേജ്മെന്റുകളും കച്ചവടക്കാരായി മാറി എന്ന് പിണറായി വിജയന്‍

കോഴിക്കോട് : സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ കോളേജുകൾ കച്ചവട സ്ഥാപനങ്ങളായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. വിദ്യാഭ്യാസ കച്ചവടത്തിന് ക്രിസ്ത്യന്‍ മാനേജ്മെന്റുകൾ കൂട്ടുനിന്നിരുന്നില്ല‍. ഇപ്പോള്‍ അവരും ഈ കച്ചവടത്തിന്റെ ഭാഗമായെന്നും അപൂര്‍വം ചിലര്‍ മാത്രമാണ് ഒഴിഞ്ഞു നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവഗിരി കോളജിന്റെ വജ്ര ജൂബിലി ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി മാനേജ്മെന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ വിജിലൻസിനു നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് പരാതിപ്പെടാൻ ആരും തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലാഭക്കണ്ണോടെ പലരും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. അബ്കാരികള്‍ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. ഇവര്‍ ലേലം വിളിച്ച് നിയമനം നടത്താനും തുടങ്ങി. സ്വാശ്രയ മേഖലയിലെ കൊള്ളയും ക്രമക്കേടും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.