നോട്ടുനിരോധനം പൊളിഞ്ഞു പാളീസ് ആയി ; തിരിച്ചുകിട്ടിയ നോട്ടുകളില്‍ എത്ര കള്ളനോട്ടുകള്‍ ഉണ്ട് എന്നറിയില്ല എന്ന് റിസര്‍വ് ബാങ്കിന്‍റെ കുറ്റസമ്മതം

ന്യൂഡല്‍ഹി : നോട്ടുനിരോധനത്തിന്റെ മുഖ്യ ലക്ഷ്യമായി സര്‍ക്കാരും റിസര്‍വ് ബാങ്കും നിരത്തിയ കാരണങ്ങള്‍ ഓരോന്നായി പൊളിയുന്നു. കള്ളപ്പണം , കള്ളനോട്ട് , കാഷ് ലെസ്സ് എക്നോണമി എന്നൊക്കെ പല ന്യായങ്ങള്‍ നിരത്തിയെങ്കിലും ഈ ലക്ഷ്യങ്ങള്‍ ഒന്നും തന്നെ നടപ്പിലായില്ല എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. നിരോധിച്ചതിനേക്കാള്‍ കൂടുതല്‍ നോട്ടുകള്‍ ബാങ്കുകളില്‍ എത്തി എന്ന വാര്‍ത്ത‍ വന്നപ്പോള്‍ തന്നെ കള്ളപ്പണം എല്ലാം വെളുപ്പിച്ചു എന്ന് വ്യക്തമായിരുന്നു.അതിനുശേഷം കള്ളനോട്ടുകള്‍ തടയും എന്നു പറഞ്ഞിരുന്നു എങ്കിലും അതും ഇപ്പോള്‍ ഗോവിന്ദയായി. കാരണം നോട്ട് പിന്‍വലിക്കലിനു ശേഷം ലഭിച്ച കള്ളനോട്ടുകളെക്കുറിച്ച് തങ്ങളുടെ കയ്യില്‍ കണക്കുകളൊന്നും ഇല്ലെന്ന് റിസര്‍വ് ബാങ്ക്  വെളിപ്പെടുത്തി. തിരികെ വന്ന നോട്ടുകളില്‍ എത്ര രൂപയുടെ കള്ളനോട്ടുകള്‍ ഉണ്ടെന്നോ അവയുടെ സീരിയൽ നമ്പറുകള്‍ ഏതൊക്കെയെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ  അപേക്ഷയ്ക്ക് മറുപടിയായി റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിനു ശേഷമുള്ള കാലയളവില്‍ റിസര്‍വ് ബാങ്കില്‍ ലഭിച്ച കള്ളനോട്ടുകളുടെ നമ്പറുകളോ മൊത്തം മൂല്യമോ ലഭ്യമാക്കണമെന്നായിരുന്നു വിവരാവകാശ  അപേക്ഷയിലെ ആവശ്യം. എന്നാല്‍ ഇതു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ തങ്ങളുടെ കൈവശമില്ലെന്നായിരുന്നു ലഭിച്ച മറുപടി. വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ വി. ഗല്‍ഗലി നല്‍കിയ  വിവരാവകാശ അപേക്ഷയിലാണ് റിസര്‍വ് ബാങ്കിന്റെ ഈ വിശദീകരണം. തിരിച്ചെത്തിയ കള്ളപ്പണം സംബന്ധിച്ച് കണക്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നോട്ട് പിന്‍വലിക്കല്‍ നടപടി പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നു  അനില്‍ വി. ഗല്‍ഗലി പറഞ്ഞു.