കാശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍ ; ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു

കശ്മീരില്‍ മണ്ണിടിച്ചിലില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. കശ്മീരിലെ ബന്ദിപ്പൊറ ജില്ലയിലാണ് മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടത്. മറ്റൊരു സൈനികനെ കാണാതായിട്ടുണ്ട്. ഗുരെസ് സെക്ടറിലെ നീരു ഗ്രാമത്തിലെ സൈനിക ക്യാമ്പില്‍ ബുധനാഴ്ച രാത്രിയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ബുധനാഴ്ച കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു സൈനിക ക്യാമ്പിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു മേജര്‍ കൊല്ലപ്പെടുകയും നാലു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ രേസിലെ നിയന്ത്രണ രേഖയ്ക്കു സമീപം ബദൂഗാം ഗ്രാമത്തിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. മൈനസ് മൂന്ന് ഡിഗ്രിയാണ് ഇപ്പോള്‍ കശ്മീരിലെ താപനില. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മൂന്നു ദിവസമായി ശ്രീനഗര്‍-ജമ്മു ഹൈവേ അടച്ചിരിക്കുകയാണ്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചു.