സര്‍ക്കാര്‍ പറഞ്ഞാല്‍ പോരാ ; രാജിവെക്കണം എങ്കില്‍ അച്ഛന്‍ പറയണം എന്ന് ലക്ഷ്മി നായര്‍

തിരുവനന്തപുരം : അച്ഛന്‍ രാജി ആവശ്യപ്പെടുന്നത് വരെ താന്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ലെന്ന് ലക്ഷ്മി നായര്‍. അക്കാദമി ഡയറക്ടറായ അച്ഛന്‍ പറഞ്ഞാല്‍ മാത്രം പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറിനില്‍ക്കും. പ്രിൻസിപ്പലായത് ആരുടെയും ഔദാര്യത്തിലല്ല, ഒഴിയണമെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ലക്ഷ്മി നായർ പ്രതികരിച്ചു. നടപടി വന്നാല്‍ നിയമപോരാട്ടം നടത്തും, ആരെയും ഭയമില്ല. ഉറച്ചമനസുള്ള സ്ത്രീയാണ് താന്‍. എന്താണ് ചെയ്യുന്നതെന്ന് നല്ല ബോധ്യമുണ്ട്. നന്മയിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. ഇപ്പോൾ നടക്കുന്ന സമരം 250 കുട്ടികളുടേതുമാത്രമെന്നും ലക്ഷ്മി നായർ വ്യക്തമാക്കി. അതേസമയം ലോ അക്കാദമി വിഷയത്തിൽ സർക്കാർ ഇടപെടാത്തത് ശരിയല്ലെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ലോ അക്കാദമി നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കണം സിപിഎം സമരം ഏറ്റെടുക്കാത്തതിനെക്കുറിച്ച് നേതൃത്വത്തോട് ചോദിക്കണമെന്നും വി എസ് വ്യക്തമാക്കി.