പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ അഹമ്മദ് എം പിയുടെ നില ഗുരുതരം എന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : പാർലമെന്‍റിൽ കുഴഞ്ഞു വീണ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദിന്റെ നില ഗുരുതരം എന്ന് റിപ്പോര്‍ട്ട് . ഇന്നാരംഭിച്ച പാർലമെന്‍റ് ബജറ്റ്​ സമ്മേളനത്തിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അഹമ്മദിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു.രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പാർലമെന്‍റിലെ ഡോക്ടർ എത്തി പരിശോധിച്ച ശേഷം സ്ട്രെക്ചറിൽ ലോക്സഭാ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. ബോധരഹിതനായാണ് അഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കളായ എ.കെ ആന്‍റണി, ജോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവർ ആശുപത്രിയിലെത്തി ഇ. അഹമ്മദിനെ സന്ദർശിച്ചു.അദ്ദേഹത്തെ മുൻപ് ചികിത്സിച്ചിരുന്ന ഡോക്ടർമാരിൽ നിന്ന് ആർ.എം.എൽ ആശുപത്രിയിലെ ഡോക്ടർമാർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.