ലോകത്തിലെ ഏറ്റവും മികച്ച അഗ്നിശമന സേനയെന്ന ബഹുമതി ഇറ്റലിയ്ക്ക്
റോം: 2016 ഇറ്റലിയിലെ അഗ്നിശമന സേനയ്ക്ക് ഏറെ വെല്ലുവിളികൾ നിറഞ്ഞാതായിരുന്നു. ഭൂകമ്പവും, ഹിമപാതവും, കനത്ത മഞ്ഞുവീഴ്ചയും മൂലം സേനയ്ക്ക് ഭാരിച്ച ഉത്തരവാദിത്വം ഉണ്ടായിരുന്നു. എന്നാൽ ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് 2017ന്റെ തുടക്കത്തിൽ തന്നെ വിജിലി ഡെൽ ഫുഗോയ്ക്ക് ലഭിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച അഗ്നിശമന സേനയെന്ന ബഹുമതിയാണ് ഇറ്റലിയെ തേടിയെത്തിയത്. ഈ വിഭാഗത്തിലെ ഉന്നത ബഹുമതിയായ കോൺറാഡ് ഡീട്രിച്ച് മജിറുസ് അവാർഡും ഇന്റർനാഷണൽ ഫയർഫൈറ്റിങ് ടീം ഓഫ് ദി ഇയർ 2016 എന്ന വിശേഷ പുരസ്കാരവുമാണ് ഇറ്റലിയ്ക്ക് ലഭിച്ചത്. അസാധാരണമായ ടീംവർക്ക് കണക്കിലെടുത്താണ് പുരസ്‌കാരം.
റിക്ടർ സ്കെയിലിൽ 6.0 മുകളിൽ അനുഭവപ്പെട്ട ഭൂകമ്പങ്ങൾ തുടങ്ങി മഞ്ഞുമല ഇടിഞ്ഞുവീണ് നിരവധിപേർ മരിച്ച അപകടംവരെ രാജ്യത്തെ നടുക്കിയ സംഭവ പരമ്പരയായിരുന്നു 2016 തുടക്കം മുതൽ ഇറ്റലിയിൽ നടന്നത്. ദുരിതത്തിൽ ആയിരകണക്കിന് പേർക്കാണ് സേന തുണയായത്. ഇന്നും തീരാത്ത പുനരധിവാസ പരിപാടികളും, യുദ്ധകാലാടിസ്ഥാനത്തിൽ ദുരന്ത നിവാരണ പദ്ധതികളും സേനയുടേതായി നടന്നു വരുന്നു.